ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു പോരാട്ടം അപൂര്‍വ ചരിത്രം കുറിക്കും; പ്രതീക്ഷയോടെ ആരാധകര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് സൂപ്പര്‍ ക്ലബ്ബുകള്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ കൊച്ചി സ്‌റ്റേഡിയം അപൂര്‍വ ചരിത്രത്തിന് വേദിയാകും. 31നാണ് ബെംഗളൂരു എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം. കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരവും ക്യാപ്റ്റനുമായി സന്ദേഷ് ജിങ്കനും ബെംഗളൂരു എഫ്‌സി താരവും ക്യാപ്റ്റനുമായി സുനില്‍ ഛേത്രിയും തമ്മിലുള്ള പോരാട്ടമാകും ചരിത്രത്തില്‍ ഇടം നേടുക. ക്ലബ്ബ് രൂപീകരിച്ചത് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന താരങ്ങള്‍ തമ്മില്‍ നേര്‍ക്കു നേര്‍ വരുന്ന പോരാട്ടമെന്ന പ്രത്യേകതയാണ് മത്സരത്തിനുള്ളത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏട്ടാം സ്ഥാനത്താണ്. അതേസമയം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റാണ് ബെംഗളൂരുവിനുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ സൂപ്പര്‍ താര പരിവേഷമുള്ള താരമാണ് സന്ദേഷ് ജിങ്കാന്‍. ചെന്നൈയിനുമായുള്ള മത്സരത്തില്‍ റഫറിയുടെ തെറ്റായ തീരുമാനം മൂലം പെനാല്‍റ്റി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സമനില നേടിക്കൊടുത്ത വിനീതിന്റെ ഗോളിന് വഴിയൊരുക്കിയത് ജിങ്കാനായിരുന്നു. അതിനു മുമ്പും നിരവധി തവണ ഗോള്‍ ലൈന്‍ സേവുകള്‍ നടത്തി ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരമായി മാറിയ ജിങ്കാന്‍ ഈ വര്‍ഷവും നിരവധി തവണ ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

അതേസമയം, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരമായ സുനില്‍ ഛേത്രി 2013ല്‍ ബെംഗളൂരുവിലെത്തിയ ശേഷം മിന്നും പ്രകനടമാണ് ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. ക്ലിനക്കല്‍ ഫിനിഷിങ്ങില്‍ ഇന്ത്യയിലെ മികച്ച താരങ്ങളിലൊരാളായ ഛേത്രിയെ പൂട്ടാന്‍ ജിങ്കാന്‍ എന്തു തന്ത്രമായിരിക്കും പയറ്റുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Read more

താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം എന്നതിന് പുറമെ മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും തമ്മിലുള്ള പോരാട്ടം കൂടിയാകും ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു മത്സരം.