സമനിലയില്‍ കുരുങ്ങി ബാഴ്‌സ; തോറ്റ് മാഞ്ചസ്റ്റര്‍; പിഎസ്ജിയ്ക്ക് കൂറ്റന്‍ ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച്ച നടന്ന പി.എസ്.ജി-കെല്‍റ്റിക്ക് പോരാട്ടത്തില്‍ ഫ്രഞ്ച് ഭീമന്‍മാര്‍ക്ക് വമ്പന്‍ ജയം. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം.

പി.എസ്.ജി യെ ഞെട്ടിച്ചുകൊണ്ട് ആദ്യ മിനിറ്റില്‍ തന്നെ മൂസാ ഡെബംലയിലൂടെ കെല്‍റ്റിക്ക് മുന്നിലെത്തി. ഒമ്പതാം മിനിറ്റില്‍ നെയ്മറാണ് പി.എസ്.ജിയുടെ ഗോള്‍ വര്‍ഷത്തിന് തുടക്കം കുറിച്ചത്. 22-ാം മിനിറ്റില്‍ നെയ്മര്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. പിന്നീട് കവാനി, കയ്ലിന്‍ എംബാപെ, മാര്‍ക്കോ വെരറ്റി, ആല്‍വസ് എന്നിവര്‍ കൂടി പി.എസ്.ജിയ്ക്ക് വേണ്ടി വല കുലുക്കിയപ്പോള്‍ കെല്‍റ്റിക്കിന്റെ പതനം പൂര്‍ണമായി.

ഗ്രൂപ്പ് ഡിയിലെ ബാഴ്സലോണ-യുവന്റസ് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. അലയന്‍സ് സ്റ്റേഡിയത്തില്‍ മെസിയെ ബെഞ്ചില്‍ ഇരുത്തിയാണ് ബാഴ്സ മത്സരം തുടങ്ങിയത്. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ആണ് മെസ്സി കളത്തില്‍ എത്തിയത്. മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് പോസ്റ്റിന് തൊട്ടു മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.

ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തുള്ള യുവന്റസിന് അടുത്ത റൗണ്ട് പ്രവേശനം ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കണം. ഗ്രൂപ്പ് സിയിലെ ഒരു മത്സരത്തില്‍ ചാംപ്യന്‍സ് ലീഗ് നോകൗട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന അത്ലറ്റികോ മാഡ്രിഡ് റോമകെതിരെ എതിരില്ലാത്ത 2 ഗോളുകളുടെ ജയം. ഇതേ ഗ്രൂപ്പില്‍ കരാബാഗിനെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സി നോകൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്നു. തോറ്റെങ്കിലും 8 പോയിന്റുള്ള റോമ തന്നെയാണ് ഗ്രൂപ്പില്‍ രണ്ടാമത്.

Read more

ഗ്രൂപ്പ് എ യില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി.സ്വിസ് ടീമായ എഫ്.സി.ബാസലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്.90-ാം മിനിറ്റില്‍ സ്വിസ് താരം മൈക്കള്‍ ലാങ്ങ് ആണ് ക്ലബ്ബിന് വേണ്ടി വിജയഗോള്‍ കണ്ടെത്തിയത്.തോറ്റെങ്കിലും യുണൈറ്റഡ് തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്.