ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സിന് 'സമനില തെറ്റിയില്ല'; മുംബൈയുമായി സമനില; സികെ വിനീതിന് ചുവപ്പ്

കഴിഞ്ഞ മൂന്ന് സീസണുകളില്‍ നിന്നും മാറി ഇത്തവണ ഐഎസ്എല്‍ നാലാം പതിപ്പിന് മലയാളക്കരയെ അപേക്ഷിച്ചൊരു പുതുമയുണ്ടായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയില്‍ നിന്നും ഐഎസ്എല്ലിന്റെ ഉദ്ഘാടനം കൊച്ചിയിലേക്ക് മാറ്റിയിരിക്കുന്നു എന്നായിരുന്നു ആ പുതുമയും സന്തോഷ വാര്‍ത്തയും. മലയാളത്തിന്റെ “സ്വന്തം” കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിനെത്തുന്നു. ഉദ്ഘാടനമത്സരവും അതുകഴിഞ്ഞ മറ്റൊരു മത്സരവും കഴിഞ്ഞു. പക്ഷെ, കൊച്ചിയില്‍ ഗോളില്ല!. കളിയൊക്കെ നന്ന് പക്ഷെ ഗോളില്ലെങ്കില്‍ തീര്‍ന്നില്ലെ. അതും സാക്ഷാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ കോച്ചിനെയും മുന്‍ താരങ്ങളെയും കൊണ്ടു വന്നിട്ട്. ശ്ശെയ്! ഇതിനെല്ലാം പരിഹാരമായി മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരത്തിലെ 14ാം മിനുട്ടില്‍ ഗോളടിച്ചു ഹോളണ്ട് താരം സിഫ്‌നോയെസ് ആരാധകരെ കൊണ്ടു പൊളിച്ചു മുത്തെ എന്ന് പറയിപ്പിച്ചു. ആ മുത്തെ വിളിക്ക് രണ്ടാം പകുതിയിലെ 77ാം മിനുട്ടു വരെയേ ആയുസുണ്ടായിരുന്നുള്ളൂ. ഒരു ഗോളടിച്ച് കളി ജയിക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ പൂതി 77ാം മിനുട്ടില്‍ ജാക്കിചന്ദ് സിങ്ങ് തീര്‍ത്തു.

ആദ്യ പകുതിയുടെ 14ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സാണ് കൊച്ചിയിലെ ഗോള്‍ ക്ഷാമത്തിന് വിരാമം കുറിച്ചത്. സൂപ്പര്‍ താരം ബെര്‍ബറ്റോവ് നല്‍കിയ കിടിലന്‍ ത്രൂപാസില്‍ വലതുവിങ്ങില്‍ നിന്നും ഓടിക്കയറിയ റിനോ ആന്റോ നല്‍കി ക്രോസ് കഴിഞ്ഞ മത്സരത്തരത്തില്‍ പകരക്കാരനായിരുന്ന സിഫ്‌നോയിസ് പോസ്റ്റിലേക്ക് പ്ലെയ്‌സ് ചെയ്തപ്പോള്‍ മുംബൈ ഗോളി അമരീന്ദറിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍ 1-0. കളിയുലടനീളം പന്ത് കൈവശം വെച്ചിട്ടും ഗോളവസരങ്ങള്‍ ഒരുക്കിയും ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ നിന്നെങ്കിലും ഗോളടിക്കാന്‍ മാത്രം സാധിച്ചില്ല. 77ാം മിനുട്ടില്‍ മഞ്ഞപ്പട ആരാധകരെ നിരാശരാക്കി മുംബൈ ഗോള്‍ മടക്കി. കേരളം നേടിയ ഗോളിനെ റീമേക്കായിരുന്നു മുംബൈയുടെ ഗോള്‍. ബ്രസീല്‍ താരം എവര്‍ട്ടന്‍ സാന്റോസ് വലത് വിങ്ങില്‍ നിന്ന് കൊടുത്ത ക്രോസ് ബല്‍വന്ത് സിങ്ങ് വലയിലാക്കി. സ്‌കോര്‍ 1-1.

കളി അവസാന നിമിഷങ്ങളിലേക്ക് കടക്കെ ക്വാര്‍ട്ടില്‍ വെച്ച് ഫൗള്‍ അഭിനയിച്ചതിന് മലയാളി താരം സികെ വിനീതിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് കാണികളെ അമ്പരപ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രുള്ളമുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എഴാം സ്ഥാനത്തായി. ആദ്യ രണ്ട് മത്സരത്തില്‍ നിന്നും ചെറിയ വ്യത്യസവുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മ്യൂലന്‍സ്റ്റീന്‍ ടീമിനെ വിന്യസിച്ചത്. ആദ്യ മത്സരത്തില്‍ വിങ്ങറായും രണ്ടാം മത്സരത്തില്‍ സ്‌ട്രൈക്കറായും ഉപയോഗിച്ച സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ പുറത്തിരുത്തി പകരം നെതര്‍ലന്റ് താരം ജോഹന്നാസ് സിഫ്‌നോയിസിനാണ് മ്യൂലന്‍സ്റ്റീന്‍ മൂന്നാം കളയില്‍ ഗോളടിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത്.

രണ്ടു മത്സരങ്ങള്‍ സമനിലയായതോടെ മൂന്നാം മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ്് ഇറങ്ങിയതെങ്കിലും മുംബൈക്ക് മുന്നില്‍ സമനിലയില്‍ കളിയവസാനിപ്പേക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്. കൊച്ചി സ്റ്റേഡിയത്തില്‍ ഗോള്‍ “ബാധ”യ്‌ക്കൊരു തീരുമാനം കാണണമെന്നായിരുന്നു കളിക്കാരൂടെ ആഗ്രഹം അവസാനിച്ചെങ്കിലും അതൊരു സമനിലയിലെത്തുമെന്ന് കരുതിയിരുന്നില്ല.

മധ്യനിരയകൊണ്ട് കളി നിയന്ത്രിപ്പിച്ച് ബില്‍ഡ് അപ്പ് ഗെയിമാണ് മ്യൂലന്‍സ്റ്റീന്‍ പദ്ധതിയിട്ടിരുന്നത്. 4-5-1 എന്ന പൊസിഷനിലാണ് ബ്ലാസ്റ്റേഴ്‌സിനെ വിന്യസിച്ചത്. അറാട്ട ഇസുമിയെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാക്കിയും പെക്കൂസണെ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായും വെച്ചു. അതേസമയം, കഴിഞ്ഞ മത്സരത്തിലെ പ്ലേ മേക്കിങ് മികവില്‍ സൂപ്പര്‍ താരം ബെര്‍ബറ്റോവിനെ ഫാള്‍സ് നയനാക്കി. അതേസമയം, 3-4-3 പൊസിഷനിലാണ് മുംബൈയെ അലക്‌സാണ്ടര്‍ ഗുയ്മിറസ് വിന്യസിച്ചത്.

Read more

വലതു വിങ്ങില്‍ റിനോ ആന്റോയും ഇടത് വിങ്ങില്‍ ലാല്‍റുത്താരയും പുള്‍ബാക്കുകളുടെ കൃത്യനിര്‍വഹണം ഭംഗിയാക്കിയപ്പോള്‍ മുംബൈ പോസ്റ്റിലേക്ക് നിരന്തരം ക്രോസുകള്‍ വന്നുകൊണ്ടിരുന്നെങ്കിലും ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചത്. ഒന്‍പതിന് ഗോവയുമായി അവരുടെ മണ്ണിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.