സോറി ഫാന്‍സ്; കൊച്ചിയില്‍ ഇത്തവണയും ഗോളില്ലാ കളി; ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂര്‍ മത്സരം സമനില

മഞ്ഞക്കടല്‍ ഗ്യാലറിക്ക് ഇത്തവണയും ആ ഭാഗ്യമുണ്ടായില്ല. വീറും വാശിയും ആവോളമുണ്ടായിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ്-ജംഷഡ്പൂര്‍ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. എടികെയുമായി നടന്ന ആദ്യ മത്സരത്തിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഗോള്‍ പിറന്നിരുന്നില്ല. രണ്ടാം മത്സരത്തില്‍ പഴയ ആശാന്റെ ടീമിനെ സ്വീകരിച്ച ബ്ലാസ്റ്റേഴ്‌സ് പന്ത് കൈവശം വച്ച് മികച്ച കളി കാഴ്ചവെച്ചെങ്കിലും ഗോള്‍വല കുലുക്കാന്‍ സാധിച്ചില്ല.

ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ നിന്നങ്കെലും സികെ വിനീത്, ഇയാന്‍ ഹ്യൂം, ബെര്‍ബറ്റോവ് എന്നിവരടങ്ങുന്ന മുന്നേറ്റ നിരയ്ക്ക് സുബ്രതോ പാല്‍ കാക്കുന്ന ജംഷഡ്പൂര്‍ വലയില്‍ പന്തെത്തിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ കളിയില്‍ നിന്നും തന്ത്രം മാറ്റിയാണ് ഇത്തവണ റെനി മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സിനെ വിന്യസിച്ചത്. മുന്നേറ്റ നിരയില്‍ ഇയാന്‍ ഹ്യൂമിനെ മുഖ്യ സ്‌ട്രൈക്കറാക്കി ബെര്‍ബറ്റോവിനെ പിന്നിലേക്ക് വലിച്ചു. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും പരാജയപ്പെട്ടു.

ഏഴാം മിനുട്ടില്‍ വിനീതിനും  15ാം മിനുട്ടില്‍ ബെര്‍ബറ്റോവിനും അവസരം ലഭിച്ചെങ്കിലും സ്റ്റേഡിയം കാത്തിരുന്ന ഗോള്‍ അകന്നുതന്നെ നിന്നു.  അതേസമയം, രണ്ട് അത്യുഗ്രന്‍ സേവുകള്‍ ചെയ്ത് ടീമിനെ രക്ഷിച്ച ഗോള്‍കീപ്പര്‍ സ്റ്റീവന്‍ റച്ച്ബുക്കയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ ഹീറോ. 30ാം മിനുട്ടില്‍ ഐഎസ്എല്‍ തുടക്കക്കാരായ ജംഷഡ്പൂരിന് ലഭിച്ച ഫ്രീകിക്കും 90ാം മിനുട്ടില്‍ ഗോളൊന്നുറച്ച പന്തും അത്യുഗ്രന്‍ സേവിലൂടെ ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ റച്ചബുക്ക തട്ടിയകറ്റി.

ബലാബലം നിന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലും കാര്യങ്ങള്‍ മറിച്ചായിരുന്നില്ല. ഇരു ടീമുകളും ഗോളിനായി കഠിന പ്രയത്‌നം ചെയ്തതോടെ മത്സരത്തിന് വീറ് കൂടി. 67ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമിനെ പിന്‍വലിച്ച് ജോഹന്നാസ് സിഫ്‌നോയെസിനെ മുഖ്യ സ്ട്രക്കറായി പരീക്ഷിച്ചെങ്കിലും മഞ്ഞനിറമണിഞ്ഞ ഗ്യാലറിക്ക് പക്ഷെ ഗോള്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. ഇതിനിടയില്‍ ജംഷ്ഡ് പൂരിന്റെ മലാളി താരം അനസ് എടത്തൊടിക പരിക്കേറ്റ് പുറത്തായി.

മത്സരം സമനിലായായെങ്കിലും ടീമിന് ഒത്തിണക്കം വന്നുവെന്ന ആശ്വാസമാണ് ആരാധകര്‍ക്ക്. മുഖ്യ സ്‌ട്രൈക്കറുടെ പിന്നിലായി പൊസിഷന്‍ നല്‍കിയ ബെര്‍ബറ്റോവാണ് ബ്ലാസ്‌റ്റേഴ്‌സന്റെ പ്ലേമേക്കറായത്. ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം നടത്തിയില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ആരാധകര്‍ പ്രതീക്ഷിച്ച ബെര്‍ബറ്റോവിനെ തന്നെയാണ് ലഭിച്ചത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സമനിലയില്‍ നിന്ന് രണ്ട് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പോയിന്റ് പട്ടികയിലുള്ള സമ്പാദ്യം. ഡിസംബര്‍ 3ന മുംബൈ സിറ്റിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.