നാണക്കേട് തീര്‍ത്ത് കുതിപ്പ് തുടങ്ങണം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരേ

ഐഎസ്എല്ലില്‍ കടലാസു പുലികളല്ല തങ്ങളെന്ന് തെളിയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയിച്ചേ മതിയാകൂ. സൂപ്പര്‍ താരം ബെര്‍ബറ്റോവില്ലാതെ ഇന്ന് സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്റെ മേലിലുള്ള സമ്മര്‍ദ്ധം ഇനിയും കൂടും.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിനു കാര്യങ്ങള്‍ എറെക്കുറെ എളുപ്പമാണ്. കേരള ബ്ലാസറ്റേഴ്സിന്റെ കളിക്കാരില്‍ വലിയൊരു ഭാഗം കളിക്കാരും ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കളിക്കാരാണ്. സഹപരിശീലകന്‍ താങ്ബോയി സിങ്തോയും ഷില്ലോങ് ലജോങില്‍ നിന്നാണ് ബ്ലാസറ്റേഴ്സിലെത്തിയത്. അതുകൊണ്ടു തന്നെ ഇന്ന് കേരള ബ്ലാസറ്റേഴ്സ് ആദ്യ ജയം പ്രതീക്ഷിച്ചാണിറങ്ങുക.

എടികെ കഴിഞ്ഞാല്‍ ഐഎസ്എല്‍ നാലം പതിപ്പില്‍ ഇതുവരെ ജയിക്കാത്ത എക ടീമും കേരള ബ്ലാസറ്റേഴ്സാണ്. “വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കളിക്കാര്‍ ബ്ലാസറ്റേഴ്സിനു വേണ്ടി കളിക്കാനുണ്ടെന്നത് ഒരു പ്രത്യേകതയാണ്. ഈ മത്സരത്തിനു ഇത് മറ്റൊരു പ്രത്യേക ഉള്‍ക്കാഴ്ച നല്‍കും. പ്രത്യേകിച്ച് താങ്ബോയി ടീമിനൊപ്പമുള്ളത് വളരെ സഹായകരമാണ്. ചില കളിക്കാരുടെ ഇടയിലേക്കും അവരുടെ ഗെയിമിന്റെ അകത്തളങ്ങളിലേക്കും കടന്നുചെല്ലാന്‍ അത് സഹായിക്കും. നമുക്ക് ഇത് അനുകൂലഘടകമാണെന്നു ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന്് ബ്ലാസ്റ്റേഴ്സ് കോച്ച് മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞു.

” വികാരനിര്‍ഭരമായ മത്സരം ആയിരിക്കുമിത്. എന്നാല്‍ മത്സരത്തിനിടെ വികാരങ്ങളുടെ കുത്തൊഴുക്ക് മാറ്റിനിര്‍ത്തി കളിക്കാന്‍ അവര്‍ക്കു കഴിയും. ടീമിലെ സുവര്‍ണതാരം ദിമിതാര്‍ ബെര്‍ബതോവിനു പരുക്കുമൂലം ഇന്ന് കളിക്കാന്‍ കഴിയില്ല. എന്നാല്‍ വിലക്കിനു ശേഷം സി.കെ. വിനീത് ഇന്ന് ഇറങ്ങും. ഒപ്പം വെസ് ബ്രൗണും ഇയാന്‍ ഹ്യൂമും തിരിച്ചെത്തുമെന്നും മ്യൂലന്‍സ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ ഇതുവരെ ആതിഥേയരെ തോല്‍പ്പിക്കാന്‍ നോര്‍ത്ത് ഈസറ്റിനു കഴിഞ്ഞിട്ടില്ല എന്ന റെക്കോര്‍ഡ് പഴങ്കഥയാക്കുമെന്ന് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് കോച്ച് ജോവോ ഡി ദിയൂസ്. ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകന്‍ ഷില്ലോങ് ലജോങില്‍ നിരവധി നോര്‍ത്ത് ഈസറ്റ് കളിക്കാരെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും തന്റെ ഗെയിം പ്ലാനും ആശയങ്ങളും അദ്ദേഹത്തിനറിയില്ലെന്നു ജോവോ ഡി ദിയൂസ് പറഞ്ഞു. ” എന്റെ കളിക്കാര്‍ അവരുടെ പരിശീലകന്റെ ഐഡിയ അനുസരിച്ചായിരിക്കും കളി്ക്കുക. അതിനപ്പുറം മറ്റൊന്നിനും പ്രസക്തിയില്ല ” ജോവോ ഡി ദിയൂസ് പറഞ്ഞു.

കഴിഞ്ഞ മൂന്നു സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനതിരെ മികച്ച റെക്കോര്‍ഡാണ് കേരള ബ്ലാസറ്റേഴ്സിനുള്ളത്. ഇതിനു മുന്‍പ് ആറ് തവണ ഇരുടീമുകളും എറ്റുമുട്ടിയതി്ല്‍ മൂന്നു തവണ ബ്ലാസറ്റേഴ്സും രണ്ടു തവണ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡും ജയിച്ചു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു.

എ.ടി.കെ, ജാംഷെഡ്പൂര്‍ എന്നീ ടീമുകള്‍ക്കെതിരെ ഗോള്‍ രഹിത സമനിലയ്ക്കു ശേഷം മൂന്നാം മത്സരത്തില്‍ മുംബൈ സിറ്റിയുമായി 1-1നു സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യ എവേ മത്സരത്തില്‍ എഫ്.സി. ഗോവയോട് 2-5നു തോറ്റ ക്ഷീണത്തിലാണ് കേരളം കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിടുന്നത്.

അതേസമയം, നോര്‍ത്ത് ഈസറ്റ് ആകട്ടെ ആദ്യ മത്സരത്തില്‍ ജാംഷെഡ്പൂരമായി ഗോള്‍ രഹിത സമനിലയും അതിനുശേഷം ചെന്നൈയിന്‍ എഫ്.സിയോട് 0-3നു തോല്‍വി വങ്ങി. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഡല്‍ഹിയോട് 2-0 ജയിച്ചു കയറി. പക്ഷേ അവസാന മത്സരത്തില്‍ ബെംഗ്ളുരു എഫ്.സിയോട് 0-1നു തോറ്റു.

Read more

മത്സരത്തിനിടെ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹ്്നേഷിനു പരുക്കേറ്റിരുന്നു. എന്നാല്‍ കേരള ബ്ലാസറ്റേഴ്സിനെതിരെ പരുക്ക് ഭേദമായ രഹ്്നേഷ്് ഗോള്‍ വലയം കാക്കുവാന്‍ എത്തുമെന്നും നോര്‍ത്ത്് ഈസ്റ്റ് യൂണൈറ്റഡിന്റെ പരിശീലകന്‍ പറഞ്ഞു. നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് നാല് പോയിന്റോടെ എഴാം സ്ഥാനത്താണ്. മൂന്നു പോയിന്റോടെ കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും.