പ്രാര്‍ത്ഥനയോടെ മഞ്ഞപ്പട: പ്രതീക്ഷകളോട് പൊരുതി ജയിക്കാന്‍ കൊമ്പന്മാര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ വിധി കൊച്ചിയില്‍ നാളെ നടക്കുന്ന മത്സരത്തോടെ അറിയാം. ഡേവിഡ് ജെയിംസിന്റെ വരവോടെ മുന്നു മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കി പുത്തന്‍ ആത്മവിശ്വാസവും ഉണര്‍വും ലഭിച്ച കേരള ബ്ലാസ്റ്റേഴ്സിനു അതിനുശേഷം അപ്രതീക്ഷിതമായി തിരിച്ചടിയേറ്റു ഇനി വരുന്ന ആറ് മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങളില്‍ എങ്കിലും ജയിക്കേണ്ട നിലയിലാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരം ടീമിന്റെ ഈ സീസണിലെ വിധിയെഴുതും.

ജംഷെഡ്പൂരിനെതിരെയും ഗോവക്കെതിരെയും നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തോറ്റതോടെയാണ് മഞ്ഞപ്പടയുടെ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞത്. ഡച്ച് പരിശീലകന്‍ റെനെ മ്യൂലെന്‍സ്റ്റീനില്‍ നിന്ന് പരിശീലക സ്ഥാനം എറ്റെടുക്കേണ്ടി വന്ന ഡേവിഡ് ജെയിംസിനെ ഈ തോല്‍വികള്‍ കനത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സ് 12 മത്സരങ്ങളില്‍ 14 പോയിന്റോടെ ഏഴാം സ്ഥാനത്താണ്. കേവലം മൂന്നു മത്സരങ്ങളില്‍ മാത്രമെ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. അഞ്ച് മത്സരങ്ങളില്‍ സമനില സമ്മതിക്കേണ്ടി വന്നു. നാല് മത്സരങ്ങളില്‍ തോറ്റു.

അതേസമയം, എതിരാളികളായ ഡല്‍ഹി ഡൈനാമോസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. 11 മത്സരങ്ങളില്‍ നിന്ന് ഡല്‍ഹിക്ക് എഴ് പോയിന്റ് മാത്രമെ നേടാനായിട്ടുള്ളു. അതുകോണ്ടു തന്നെ ഡല്‍ഹി സെമി ഫൈനല്‍ പ്ലേ ഓഫിനുണ്ടാകില്ലെന്ന് ഉറപ്പായി.

സീസണ്‍ ആരംഭിക്കുമ്പോള്‍ ഇത്തരം ഒരു നില ആയിരുന്നില്ല തങ്ങള്‍ ആഗ്രഹിച്ചത്. നിലവില്‍ ഞങ്ങളുടെ പിന്നില്‍ നില്‍ക്കുന്ന ടീമുകള്‍ക്കെതിരെ നേടുന്ന വിജയത്തിലാണ് ഇനി പ്രതീക്ഷകള്‍. കാര്യങ്ങള്‍ വളരെ ലളിതമാണ്. ആറ് മത്സരങ്ങള്‍ മുന്നിലുണ്ട്. അതില്‍ എല്ലാ മത്സരങ്ങളിലും ജയിക്കണം. പക്ഷേ, അത് മാത്രം മതിയാകുകയില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുന്നത്.

ഡച്ച് പരിശീലകന്‍ റെനെയെ പുറത്താക്കിയതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെ ഉപേക്ഷിച്ചു എഫ്.സി ഗോവയിലേക്കു പോയ ഡച്ച് സ്ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസിനു പകരം ഐസ്ലാന്‍ഡില്‍ നിന്നുള്ള സ്ട്രൈക്കര്‍ ഗുഡിയോണ്‍ ബാള്‍ഡ്വിന്‍സണ്‍ ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കാനെത്തും.

ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമുകളില്‍ ഒന്നാണ് കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകള്‍ കൂടിയായ ഡല്‍ഹി ഡൈനാമോസ്. കഴിഞ്ഞ 11 മത്സരങ്ങളില്‍ കേവലം രണ്ട് ജയങ്ങള്‍ മാത്രമെ ഡല്‍ഹിക്കു നേടാന്‍ കഴിഞ്ഞിട്ടുള്ളു. ഈ സീസണില്‍ എറ്റവും കൂടുതല്‍ തോല്‍വികളും എറ്റവും കൂടുതല്‍ ഗോളുകളും വഴങ്ങിയ ടീം എന്ന നാണക്കേടും ഡല്‍ഹിക്കൊപ്പമാണ്. എട്ട് തോല്‍വികളും എതിരായി 27 ഗോളുകളുമാണ് ഡല്‍ഹി ഇതിനകം വാങ്ങിക്കൂട്ടിയത്.

ഈ സാഹചര്യത്തില്‍ ഇനി ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിക്കാനുള്ള സാധ്യതകള്‍ ഞങ്ങള്‍ക്ക് ഇല്ലെന്ന് ഡല്‍ഹിയുടെ കോച്ച് മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാലൂം വരുന്ന മത്സരങ്ങള്‍ എല്ലാം ജയിച്ചു ഈ സീസണില്‍ നില മെച്ചപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ബ്ലാസ്റ്റേഴ്സിനെതിരായി ഈ മാസം ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ എറ്റ 1-3 തോല്‍വിയ്ക്ക് കൊച്ചിയില്‍ മറുപടി ചോദിക്കാനുള്ള വാശിയിലാണ് ഡല്‍ഹി കൊച്ചിയിലെത്തിയിരിക്കുന്നത്. ഇരൂടീമുകളും ഇതിനകം ഒന്‍പത് മത്സരങ്ങള്‍ കളിച്ചു. ഇതില്‍ കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങളിലും ഡല്‍ഹി രണ്ട് മത്സരങ്ങളിലും ജയിച്ചു. മൂന്നു മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു. കഴിഞ്ഞ 10നു ഡല്‍ഹിയില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് ഗോളുകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് അദ്യ പാദത്തില്‍ ഡല്‍ഹിയെ 3-1നു തോല്‍പ്പിച്ചത്. ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ പ്രീതം കോട്ടാലും നേടി.

കടലാസില്‍, ഡല്‍ഹിക്കെതിരായ മത്സരം കേരള ബ്ലാസ്റ്റേഴ്സിനു അനുകൂലമാണ്. അതുകൊണ്ടു തന്നെ ഇന്ന്് കേരള ബ്ലാസ്റ്റേഴ്സിനു ജയിച്ചേ മതിയാകൂ.