'ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനമല്ല ടീമിനെ പിന്‍വലിച്ചതിന് പിന്നില്‍'; എ.ഐ.എഫ്.എഫിന്‍റെ നോട്ടീസിന് മറുപടി നല്‍കി ഇവാന്‍

ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നല്‍കിയ നോട്ടിസിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് വിശദീകരണം നല്‍കി. ബെംഗളൂരുവിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല ടീമിനെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും കഴിഞ്ഞ ഫൈനലില്‍ ഉള്‍പ്പെടെ റഫറി ക്രിസ്റ്റല്‍ ജോണ്‍ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഇതെന്നും ഇവാന്‍ പറഞ്ഞു.

കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തില്‍ ഇതേ റഫറി വരുത്തിയ പിഴവ് ഉള്‍പ്പെടെയുള്ളവയുടെ തുടര്‍ച്ചയായാണ് ടീമിനെ പിന്‍വലിച്ചത് ഉള്‍പ്പെടെയുള്ള കഠിനമായ തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ചിരുന്നു. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. അന്ന് ഫൈനലിലെ തോല്‍വിക്കു ശേഷം കളിക്കാരെയും ആരാധകരെയും സമാധാനിപ്പിക്കാന്‍ സാധിച്ചില്ല. ഇത്തവണയും അതേ റഫറി നിര്‍ണായക മത്സരത്തില്‍ പിഴവ് ആവര്‍ത്തിച്ചപ്പോള്‍ സഹിക്കാനായില്ലെന്ന് ഇവാന്‍ നോട്ടീസിന് മറുപടിയായി പറഞ്ഞു.

സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനു പിന്നാലെ ആദ്യം താരങ്ങളെ അടുത്തേക്കു വിളിക്കുകയാണ് ചെയ്തതെന്ന് പരിശീലകന്‍ വിശദീകരിച്ചു. ഇതിനു ശേഷം ഛേത്രിയുടെ ഗോള്‍ നിയമാനുസൃതമല്ലെന്നും പുനഃപരിശോധിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അവര്‍ ഗൗനിച്ചില്ല.

മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, മാച്ച് ഒഫീഷ്യല്‍സ് ടീമിന്റെ പരാതി പരിഗണിക്കാനോ പരിഹരിക്കാനോ ശ്രമിച്ചില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി മൈതാനം വിട്ടതെന്നും വിശദ്ധീകരണത്തില്‍ പറയുന്നു.