കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ കോഴിക്കോട് വരുന്നു? നിർണായക സൂചന നൽകി ക്ലബ് സിഇഒ

ആഭ്യന്തര ലീഗ് ആയ സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ ഈയിടെയാണ് അവസാനിച്ചത്. ആറ് ടീമുകൾ അണിനിരന്ന ലീഗിൽ കോഴിക്കോട് ജില്ലയെ പ്രതിനിധാനം ചെയ്ത കാലിക്കറ്റ് എഫ്‌സിയാണ് ആദ്യ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ഫോർസ കൊച്ചിയെ തോൽപ്പിച്ച് കൊണ്ടാണ് കാലിക്കറ്റ് കിരീടത്തിൽ മുത്തമിട്ടത്. സീസണിന്റെ തുടക്കത്തിൽ സൂപ്പർ ലീഗ് കേരളയുടെ ഫൈനൽ മത്സരം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് തീരുമാനിച്ചതെങ്കിലും കുറഞ്ഞ ആരാധകരുടെ പ്രാധിനിത്യം കാരണം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

35,000ത്തിലധികം ആരാധകരാണ് ഫൈനലിൽ ഇ.എം.എസ് സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത്. കോഴിക്കോട് നഗരത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു അന്നേ ദിവസത്തെ കളി അനുഭവം. എന്നാൽ ഇത്തരമൊരു കാണികളെ സാക്ഷി നിർത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടത്തിയാൽ എങ്ങനെയിരിക്കും എന്ന ആലോചനയാണ് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക്ക് ചാറ്റർജി പങ്കുവെക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ചില മത്സരങ്ങൾ കോഴിക്കോട് വെച്ച് നടത്തികൂടെ എന്ന ഫുട്ബോൾ ആരാധകന്റെ ചോദ്യത്തോട് പ്രതികരിച്ച് അഭിക്ക് എക്‌സിൽ കുറിച്ചു: “എന്തുകൊണ്ട് പറ്റില്ല! എല്ലാം ശരിയായാൽ, അടുത്ത സീസണിൽ ചില ഐഎസ്എൽ മത്സരങ്ങൾ ഇഎംഎസ് സ്റ്റേഡിയത്തിൽ നടത്താൻ കഴിഞ്ഞേക്കും.”

Read more

ഇതോട് കൂടി വലിയൊരു കൂട്ടം ആരാധകർ അവരുടെ ഇഷ്ട്ട ടീം ആയ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോടിന്റെ മണ്ണിൽ കാണാൻ കാത്തിരിപ്പ് ആരഭിച്ചിട്ടുണ്ട്. നിലവിൽ സീസണിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിൽ അല്ലാതിരുന്നിട്ട് പോലും ആരാധകരുടെ പിന്തുണയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. നിറഞ്ഞ ആളുകളെ തന്നെയാണ് ഇപ്പോഴും കലൂർ സ്റ്റേഡിയത്തിൽ സാക്ഷ്യം വഹിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മടങ്ങി വരുമ്പോൾ തങ്ങളുടെ ക്ലബ് അവരുടെ മികച്ച പ്രകടനവും വീണ്ടെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.