കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിജയം ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ്‌സിക്കെതിരായ എവേ മത്സര വിജയത്തിന് ശേഷം ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് പട. 3 – 2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്വമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ സദോയി എന്നിവർ ഗോൾ വല കുലുക്കി.
ആവേശകരമായ മത്സരത്തിൽ അവസാന നിമിഷത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഇതോടെ ആരാധകരോടുള്ള കടപ്പാട് രേഖപെടുത്തിയിരിക്കുകയാണ് താരങ്ങൾ. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച നേട്ടങ്ങൾ സ്വന്തമാകുമെന്നു പറഞ്ഞിരിക്കുകയാണ് നിലവിലെ പരിശീലകൻ ടി ജി പുരുഷോത്തമൻ.
ടി ജി പുരുഷോത്തമൻ പറയുന്നത് ഇങ്ങനെ:
” ക്ലബിലെ താരങ്ങൾക്ക് അവരുടേതായ കടമകൾ ഉണ്ട്. അവർ അവരുടെ തൊഴിൽ കൃത്യമായി നിർവഹിക്കുന്നുമുണ്ട്. വരും ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കും. ഒഡിഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് ഞങ്ങളുടെ കൃത്യമായ പദ്ധതികളായിരുന്നു. 60, 70 മിനിറ്റുകൾ കഴിഞ്ഞപ്പോൾ മത്സരം വിജയിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് മനസിലായി” ടി ജി പുരുഷോത്തമൻ പറഞ്ഞു.