Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

തോറ്റ് ‘തൊപ്പിയിട്ടു’; മൊറീഞ്ഞോ ‘കേരളത്തിലേക്കോ’? കേരള ബ്ലാസ്റ്റേഴ്‌സിനെ വലിച്ചുകീറി ട്രോളന്മാര്‍

, 2:56 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിലും തുടര്‍തോല്‍വികളും സമനിലയുമായി ആരാധകരുടെ സമനില കളഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വലിച്ചു കീറി ട്രോളന്മാര്‍. ക്രിസ്മസിനോടനുബന്ധിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ മാറ്റിയതാണ് ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ക്രിസ്മസ് തൊപ്പിയിട്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ കവര്‍ ഫോട്ടോയ്ക്ക് തോറ്റു തൊപ്പിയിട്ടതാണല്ലേ എന്നാണ് ആദ്യ കമന്റ്. ഈ കമന്റിന് വന്‍ ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം, ക്ലബ്ബിന്റെ പ്രകടനത്തില്‍ കുറ്റമേറ്റെടുത്ത് രാജിവെച്ച പരിശീലകന്‍ ഡേവിഡ് ജെയിംസിന് പകരമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ജോസ് മൊറീഞ്ഞോ എത്തുമെന്നും ആരാധകര്‍ മഞ്ഞപ്പടയെ ട്രോളി. അതേസമയം, നിങ്ങള് ഇവിടെ കവര്‍ ഫോട്ടോയും മാറ്റി നടന്നോ പോയി പണി അറിയാവുന്ന നല്ല കോച്ചിനെ തപ്പിപിടിക്ക് എന്നും ആരാധകര്‍ രോഷം കൊള്ളുന്നു. ജെയിംസിന് പകരക്കാരനായി താങ്‌ബോയ് സിങ്‌തോയെ ബ്ലാസ്റ്റേഴ്‌സ് പരിശീലന ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.

Posted by Kerala Blasters on Thursday, 20 December 2018

ഈ സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍. ഒന്‍പത് പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഈ സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ അടഞ്ഞിട്ടുണ്ട്.

കൃത്യമായ ഫോര്‍മേഷന്‍ കണ്ടെത്താന്‍ സാധിക്കാത്തതും ഗെയിം പ്ലാന്‍ ഇല്ലാത്തതുമാണ് ബ്ലാസ്റ്റേഴ്‌സിന് ഈ സീസണില്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തലുകള്‍. ജെയിംസിന്റെ പരിശീനരീതിക്കെതിരെ ആരാധകരും ഫുട്‌ബോള്‍ രംഗത്ത പല വിദഗ്ധരും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് മുംബൈ സിറ്റി എഫ്‌സിയോട് ദയനീയ പരാജയമേറ്റു വാങ്ങിയതോടെ ജെയിംസിനെ മാനേജ്‌മെന്റ് പുറത്താക്കുകയായിരുന്നു.

Advertisement