സ്‌റ്റേഡിയം ഇളക്കിമറിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍; മുംബൈക്കെതിരേ ആദ്യ പകുതിയില്‍ മുന്നില്‍

ഗ്യാലറിയും ഫുട്‌ബോള്‍ ആരാധകരും കാത്തിരുന്ന ആ നിമിഷത്തിന് കൊച്ചി സ്‌റ്റേഡിയം സാക്ഷിയായി. കളിയുടെ 14ാം മിനുട്ടില്‍ റിനോ ആന്റോ നല്‍കിയ ക്രോസില്‍ നിന്ന് നെതര്‍ലന്റ് താരം സിഫ്‌നോയെസ് മുംബൈ വല ചലിച്ചപ്പോള്‍ സ്‌റ്റേഡിയം ഒരു നിമിഷം നിശ്ചലമായി. തങ്ങള്‍ കാത്തിരുന്ന നിമിഷം ഇതാ കണ്‍മുമ്പില്‍ എന്ന് എന്നറിഞ്ഞതോടെ പൊട്ടിത്തെറിക്കാനുള്ള നിശ്ചലതലായിരുന്നു അത്.

ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ നാലാം പതിപ്പിലെ ഗോള്‍ ക്ഷാമത്തിന് വിരാമമായി. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ പുറത്തിരുത്തി സിഫ്‌നോയെസിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പരിശീകലന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ ആദ്യ പതിനൊന്നില്‍ അവസരം നല്‍കിയത്. തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം സിഫ്‌നോയെസ് നിറവേറ്റുകയും ചെയ്തു. 4-5-1 എന്ന പൊസിഷനിലാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലകന്‍ വിന്യസിച്ചത്.

മധ്യനിരയില്‍ നിന്നും മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കാനുള്ള ചുമതല പെക്കൂസണും ബെര്‍ബറ്റോവിനുമായിരുന്നു. അതേസമയം, വിങ്ങര്‍മാരായി വിനീതിനെയും ജാക്കിചന്ദിനെയും നിയോഗിച്ചു. പുള്‍ബാക്കുകളായി കളിച്ച റിനോയും ലാല്‍റുത്താരയും മുംബൈ പോസ്റ്റിലേക്ക് ക്രോസുകളെത്തിച്ചുകൊണ്ടിരുന്നു. 27ാം മിനുട്ടില്‍ ജാക്കിചന്ദ് സിങ് കൊടുത്ത ക്രോസ് തികഞ്ഞ പന്തടക്കത്തോടെ കാലിലേക്കിറക്കി വിനീത് അടിച്ച ഷോട്ട് മുംബൈ കീപ്പര്‍ ഉഗ്രന്‍ ഡൈവിലൂടെ തട്ടിയകറ്റി. 43ാം മിനുട്ടില്‍ ജാക്കി ചന്ദ് സിങ്ങിന് ലഭിച്ച സുവര്‍ണാവസരം പോസ്റ്റിന് മുകളിലൂടെ പറന്നു.

പന്ത് കൈവശം വെക്കുന്നതിലും കളിമെനയുന്നതിലും റെനെ മ്യൂലന്‍സ്റ്റീന്‍ എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ പരിശീലകന്റെ അനുഭവപാഠം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കാണാമായിരുന്നു.