Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

നാണംകെട്ട തോല്‍വിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സില്‍ തമ്മിലടി?: ജിങ്കനും ജെയിംസും തുറന്ന പോരിലേക്ക്

, 2:12 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി തുടരുന്നു. ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തില്‍ 90 മിനുട്ട് വരെ മുമ്പില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയായപ്പോള്‍ 2-1ന് പരാജയപ്പെട്ടതോടെ ടീമില്‍ അസ്വാരസങ്ങള്‍ ഉയരാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തിലെ തോല്‍വിയുടെ ഉത്തരവാദിത്വം പരിശീലകന്‍ ഡേവിഡ് ജെയിംസ് താരങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്തതോടെയാണ് കളിക്കാരും കോച്ചും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കൃത്യമായ ടാക്ടിക്സുകളോ ഗെയിം പ്ലാനോ ഇല്ലാത്ത രീതിയില്‍ കളിക്കുന്ന ടീമില്‍ പരിശീലകനെ പുറത്താക്കണമെന്ന ആരാധകരുടെ മുറവിളി ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

നോര്‍ത്ത് ഈസ്റ്റിനെതിരായ തോല്‍വി ഗ്രൗണ്ടില്‍ താരങ്ങളുടെ തീരുമാനങ്ങള്‍ക്ക് ലഭിച്ച വിലയാണെന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് മത്സരത്തിന് ശേഷം വ്യക്തമാക്കിയത്. 92 മിനുട്ട് വരെ 1-0ന് മുന്നിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് 93ാം മിനുട്ടില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ വരുത്തിയ ഫൗളില്‍ പെനാല്‍റ്റി വഴങ്ങിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്.

ഒരു ഗോളിന് മുന്നില്‍ നില്‍ക്കുന്ന ടീം മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ വരുത്തിയ വീഴ്ചയാണ് തോല്‍വിക്ക് കാരണമെന്നാണ് ജെയിംസിന്റെ അഭിപ്രായം. എതിര്‍താരത്തെ സ്വന്തം കോര്‍ട്ടില്‍ വെച്ച് ഫൗള്‍ ചെയ്യാനുള്ള ജിങ്കന്റെ തീരുമാനമാണ് ടീം തോല്‍ക്കുന്നതിലെത്തിച്ചതെന്നും മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ അടിവരയിട്ടു. അതേസമയം, താരങ്ങള്‍ ആരും തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

ഇത് ആരാധകര്‍ക്കിടയില്‍ വമ്പന്‍ വിമര്‍ശനത്തിലേക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. പരിശീലകന്‍ എന്ന നിലയില്‍ ഇതുവരെ ഒരു മികവ് പോലും പ്രകടിപ്പിക്കാന്‍ സാധിക്കാത്ത ജെയിംസിന് ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം കളിക്കാരില്‍ ചാര്‍ത്താന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ വികാരം.

നോര്‍ത്ത് ഈസ്റ്റിനോട് തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രകടനം കഴിഞ്ഞ സീസണിലേക്കാള്‍ പരിതാപകരമായി. ഡേവിഡ് ജെയിംസിന്റെ ബ്ലാസ്റ്റേഴ്‌സ് ഭാവി സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement