ആ ക്ലബ്ബിനോട് ഗോളടിച്ചാലും ആഘോഷിക്കില്ല; ബ്ലാസ്‌റ്റേഴ്‌സ് കുന്തമുന വിനീത് വ്യക്തമാക്കുന്നു; ‘മഞ്ഞപ്പടയ്ക്ക്’ നിരാശ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശക്കൊടുമുടിയിലാണ്. ഇന്ന് രാത്രി എട്ടു മണിക്ക് ബ്ലാസ്‌റ്റേഴ്‌സ്-എടികെ മത്സത്തോടെയാണ് സീസണ്‍ ആരംഭിക്കുന്നത്. ഇരു ടീമിലെ താരങ്ങളും ആരാധകരും മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലെ നിര്‍ണായക താരമായ സികെ വിനീത് തന്റെ പഴ ക്ലബ്ബിനോടുള്ള കൂറ് വ്യക്തമാക്കിയതാണ് മാക്കിയതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ഐ ലീഗില്‍ ബെംഗളൂരു എഫ്‌സി നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിനീത് ഈ സീസണ്‍ മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം താരമായിട്ടുണ്ട്. ഐഎസ്എല്ലില്‍ ഈ സീസണ്‍ മുതല്‍ മാറ്റുരയ്ക്കാനെത്തുന്ന തന്റെ പഴയ ക്ലബ്ബ് ബെംഗളൂരു എഫ്‌സിക്കെതിരേ ഗോളടിച്ചാലും ആഘോഷിക്കില്ലെന്നാണ് താരം വ്യക്തമാക്കിയത്.

അതേസമയം, ആഘോഷിച്ചില്ലെങ്കിലും ഗോളടിയില്‍ വിട്ടുവീഴ്ചയില്ലെന്നും കേരള ഫുട്‌ബോളിന്റെ പുതിയ സൂപ്പര്‍ താരമായ വിനീത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ ആരാധക യുദ്ധത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയും ബെംഗളൂരു എഫ്‌സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും കോപ്പു കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ സീസണില് ബെംഗളൂരുവിന്റെ മത്സരം കാണാനെത്തിയ വിനീതിനെയും റിനോയെയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ചാന്റ് പാടി പ്രകോപിപ്പിച്ചതാണ് മഞ്ഞപ്പടയാരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതേ ക്ലബ്ബിനെതിരേ ഗോളടിച്ച് ആഘോഷിക്കാതിരിക്കാനുള്ള വിനീതിന്റെ തീരുമാനം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. അതേസമയം, ഇത്തരം ആരാധകര് ഫുട്‌ബോളിന് ഗുണകരമാണെന്നാണ് വിനീതിന്റെ അഭിപ്രായം. ഫുട്‌ബോളിന് ഇത്തരത്തിലുള്ള ആരാധകരാണ് വേണ്ടതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

Read more

ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ദിനത്തിന്റെ തലേന്നാണ് കൊച്ചിയില്‍ ബെംഗളൂരുവുമായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ടീമാണ് ബംഗളൂരു എഫ്സി. ഗോള്‍ അടിച്ചതിന് ശേഷമുള്ള ആഘോഷം ബംഗളൂരുവിനെ അപമാനിക്കുന്നതിന് തുല്യമാകും. ഇപ്പോള്‍ ഇങ്ങനെയൊക്കെ തീരുമാനിക്കാനാവും. എന്നാല്‍ ആ സമയം എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. ഗോള്‍ അടിച്ചതിന് ശേഷം ആഘോഷിക്കാതിരിക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് വിനീത് പറഞ്ഞു.