ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11 സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് തിരുവോണ ദിനത്തിൽ ഇറങ്ങുന്നു. ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്‌സിയാണ്. മത്സരം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. ഇന്നത്തെ മത്സരത്തിൽ 50 ശതമാനം കാണികൾക്ക് മാത്രമാണ് പ്രവേശനം ഉള്ളത്.
ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി മൈക്കൽ സ്റ്റാറേയാണ് ചുമതല ഏറ്റിരിക്കുന്നത്. തിരുവോണ ദിനത്തിൽ മലയാളികൾക്ക് വിജയംസമ്മാനം നൽകാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. അടുത്ത ഹോം മത്സരം മുതൽ 100 ശതമാനവും ക്യാപസിറ്റിയിൽ തന്നെ ആകും സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുന്നത്.
ഇത്തവണ ടീമിന്റെ മുന്നേറ്റ നിരയിൽ ദിമിത്രി ഡയമന്റക്കോസും, മധ്യനിരയില്‍ ജിക്‌സണ്‍ സിങ് എന്നിവർ കാണില്ല. പകരം ഡ്യുറന്റ് കപ്പിൽ മികച്ച പ്രകടനം നടത്തിയ മൊറോക്കന്‍ താരം നോഹ സദൗയിയും ലൂണയും മുന്നേറ്റത്തിന് കരുത്താകും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. പ്രതിരോധത്തില്‍ അലക്‌സാണ്ടര്‍ കോഫും, പ്രീതം കോട്ടാലും ആണ് ടീമിന്റെ വന്മതിൽ.
10 വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇത് വരെ ഒരു ട്രോഫി പോലും നേടാൻ സാധിച്ചിട്ടില്ല. അതിൽ അഞ്ച് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. മൂന്ന് തവണ ഫൈനലിലും രണ്ട് തവണ നോക്കൗട്ടിലും ടീം പ്രവേശിച്ചിരുന്നു. പക്ഷെ ആ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കാലിടറി വീഴുകയായിരുന്നു. ഇത്തവണ മുൻപുണ്ടായിരുന്ന എല്ലാ പിഴവുകളും പരിഹരിച്ച് കപ്പ് ജേതാക്കളാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.