കേരള ബസ്റ്റാഴ്‌സ് 1 എഫ്‌സി ഗോവ 2: പൂര്‍ണ റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി.ഗോവ പരാജയപ്പെടുത്തി. ഗോവയില്‍ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഗോവ 5-2നു കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു ആദ്യപകുതി പൂര്‍ത്തിയാകുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പങ്കിട്ടു നിന്നിരുന്നു. എഴാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസിലൂടെ എഫ്.സി.ഗോവ തുടക്കം കുറിച്ചു. 29-ാം മിനിറ്റില്‍ സി.കെ. വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. 77-ാം മിനിറ്റില്‍ സ്പാനീഷ് താരം എഡു ബേഡിയ ഗോവയുടെ വിജയ ഗോള്‍ നേടി.

വിജയ ഗോള്‍ നേടിയ എഡുബേഡിയയാണ് ഹീറോ ഓഫ് ദി മാച്ച് . ഈ ജയത്തോടെ എഫ്.സി ഗോവ 19 പോയിന്റോടെ നാലാം സ്ഥാനത്തെത്തി. 14 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് എഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് ഇന്നലെ നാല് വിദേശതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. പരുക്കു മൂലം കിസിറോണ്‍ കിസിറ്റോയെ ഇന്നലെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.

മറുവശത്ത് ഗോവ അഞ്ച് വിദേശ കളിക്കാരെ ഉപയോഗിക്കാനുള്ള സാധ്യത മുഴുവനും പ്രയോജനപ്പെടുത്തി. മൂന്നാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് മത്സരത്തിനു തുടക്കം. മിലന്‍സിംഗിന്റെ ഫ്രീ കിക്ക് ഗോവന്‍ ബോക്സില്‍ അ്ങ്കലാപ്പ് ഉണ്ടായിക്കിയെങ്കിലും അപകടരഹിതമായി കടന്നുപോയി. അടുത്ത മിനിറ്റില്‍ സി.കെ.വിനീതില്‍ നിന്നും പന്ത് കവര്‍ന്നെടുത്ത ലാന്‍സറോട്ടിയുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നു. എന്നാല്‍ ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ എറെ നേരം അനുഗ്രഹിച്ചില്ല. എഴാം മിനിറ്റില്‍ ഗോവ ഗോള്‍ നേടി.

ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടു പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ മന്ദര്‍റാവുവിലേക്കും തുടര്ന്ന് മന്ദര്‍റാവു ദേശായി ബോക്സിനു മുന്നിലേക്കു മൈനസ് ചെയ്തു കൊടുത്ത പന്ത് ഓടിയെത്തിയ ഫെറാന്‍ കൊറോമിനസ് അനായാസം വലയിലാക്കി ( 10). കൊറോയുടെ ഈ സീസണിലെ പത്താം ഗോള്‍ ആണിത്.

കേരള ബ്ലാസ്്്്റ്റേഴ്സിന്റെ ആക്രമണനിരയിലെ കുന്തമുനയായ ഇയാന്‍ ഹ്യൂ്മിനെ ഗോവ ശരിക്കും മാര്‍ക്ക് ചെയ്തു .ബ്ലാസറ്റേഴ്സിന്റെ മധ്യനിര തുടക്കത്തില്‍ ഒട്ടും മികച്ച നിലയിലേക്കു ഉയര്‍ന്നില്ല. അതേപോലെ പ്രതിരോധവും വളരെ ദുര്‍ബലമയി കാണപ്പെട്ടു. 26 ാം മിനിറ്റില്‍ ബോക്സിനകത്തേക്കു വന്ന പന്തില്‍ ഇയാന്‍ ഹ്യൂമിന്റെ ആദ്യശ്രമം വിഫലമായതിന പിന്നാല സിയാന്‍ ഹാങ്കലിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനെ ഉരുമി പുറത്തേക്കു പാഞ്ഞു. അടുത്ത മിനിറ്റില്‍ കൊറോയെ തള്ളിയിട്ടതിനു വെസ് ബ്രൗണിനു മഞ്ഞക്കാര്‍ഡ്.

29ാം മിനിറ്റില്‍ സി.കെ വിനീതിലൂടെ കേരള കേരള ബ്ലാസ്റ്റേഴ്സ്് സമനില ഗോള്‍ നേടി. ഗോവയുടെ ഗോള്‍ കീപ്പര്‍ എടുത്ത ഫ്രീ കിക്ക് വെസ്ബ്രൗണ്‍ ഹെഡ്ഡറിലൂടെ സിയാം ഹങ്കലിലേക്കും ഹങ്കലിന്റെ ബാക്ക് ഹെഡ്ഡര്‍ ബോക്സിനു മുന്നിലേത്തിയ സി.കെ.വിനീതിലേക്കും. ഓടിയെത്തി കാലില്‍ ഒതുക്കിയ സി.കെ.വിനീത് ഗോവന്‍ ഗോളി കട്ടിമണിയെ നിസഹായനാക്കി വെടിയുണ്ടപോലെ പന്ത് വലയിലാക്കി (11). വിനീതിന്റെ ഈ സീസണിലെ മൂന്നാം ഗോളാണിത്.

സമനില ഗോള്‍ നേടിയ കേരള ബ്ലാസ്്റ്റേഴ്സിനു ആദ്യ പകുതി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ റിനോ ആന്റോയെ പരുക്കുമൂലം പിന്‍വലിക്കേണ്ടി വന്നു. പകരം ലാക്കിച്ച് പെസിച്ച് എത്തി. 42-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിനു ഗോവന്‍ ഗോള്‍ മുഖത്തിനു സമീപം കിട്ടിയ ഫ്രീ കിക്ക് എടുത്ത ഇയാന്‍ ഹ്യൂം മനോഹമായി പോസ്റ്റിലേക്കു തൊടുത്തു. എന്നാല്‍ ഗോവന്‍ ഗോളി കട്ടിമണി കരങ്ങളിലൊതുക്കി. ആദ്യപകുതി അവസാനത്തോട് അടുത്തതോടെ കളി അല്‍പ്പം പരുക്കനായി 44-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനു മഞ്ഞക്കാര്‍ഡ് കിട്ടി.

രണ്ടാം പകുതിയില്‍ ഗോവയ്ക്ക് അനുകൂലമായി ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് അപകടമൂഹൂര്‍ത്തം ഒരുക്കി. എന്നാല്‍ കിക്കെടുത്ത ലാന്‍സറോട്ടിയ്ക്കു ലക്ഷ്യം തെറ്റി. അടുത്ത മിനിറ്റില്‍ കേരള ബ്ലാസറ്റേഴ്സിനു രണ്ടു തുറന്ന അവസരങ്ങള്‍. രണ്ടും സി.കെ വിനീതിനായിരുന്നു. വെസ്്ബ്രൗണ്‍ ബോക്സിലേക്കു കൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ച വിനീതിന്റെ ബൈസിക്കിള്‍ കിക്ക് എടുക്കാനുള്ള ശ്രമം വിഫലമായി. ജിങ്കന്‍ ചാര്‍ജ് ചെയ്തു നല്‍കിയ പാസ് സ്വീകരിച്ച വിനീതിന്റെ അടി കട്ടിമണി രക്ഷപ്പെടുത്തി. 57-ാം മിനിറ്റില്‍ വിനീതിന്റെ അടുത്ത ശ്രമം ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി. 62-ാം മിനിറ്റില്‍ സ്പ്ലിറ്റ് പാസില്‍ പന്തുമായി കുതിച്ച വിനീതിനെ മുഹമ്മദ് അലി ബോക്സിനകത്തുവെച്ചു വിജയകരമായി ടാക്ലിങിലൂടെ തടഞ്ഞു. 65-ാം മിനിറ്റില്‍ വിനീതിന്റെ ബോക്സിനകത്തുവെച്ചു നടത്തിയ മറ്റൊരു ബൈസിക്കിള്‍ കിക്ക് ലക്ഷ്യം തെറ്റി പുറത്തേക്ക് . അടുത്ത മിനിറ്റില്‍ പെക്കൂസന്റെ അടുത്ത ശ്രമം ഗോവന്‍ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തലെ ബ്ലാസ്റ്റേഴ്സിന്റെ മുന്‍തൂക്കം മെല്ല കുറഞ്ഞു. ഇതോടെ ഗോവ കുതിച്ചു . 75-ാം മിനിറ്റില്‍ ഡയഗണല്‍ ലോങ് ബോളില്‍ കൊറോയുടെ കുതിപ്പ് തടായാനുള്ള പെസിച്ചിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുമായിരുന്നു. എന്നാല്‍ ഫുള്‍ ലെങ്തില്‍ ചാടി വീണ ബ്ലാസറ്റേഴ്സ് ഗോളി പോള്‍ റച്ചുബുക്ക സെല്‍ഫ് ഗോളില്‍ നിന്നും രക്ഷപ്പെടുത്തി. എന്നാല്‍ ആശ്വാസം നീണ്ടു നിന്നില്ല.

ഗോവ എഡു ബേഡിയയിലൂടെ ഗോള്‍ നേടി.. 77-ാം മിനിറ്റില്‍ ലഭിച്ച കോര്ണറിനെ തുടര്‍ന്നാണ് ഗോവയുടെ ഗോള്‍. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കൃത്യമായി വന്ന പന്ത് എഡു ബേഡിയ ബോക്സിന്റെ വലത്തെ മൂലയില്‍ നിക്ഷേപിച്ചു (21). രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇയാന്‍ ഹ്യൂമിനു പകരം മാര്‍ക്ക് സിഫിനിയോസിനെ കൊണ്ടുവന്നുവെങ്കിലും സമനില ഗോള്‍ മാത്രം വന്നില്ല. സിയാം ഹാങ്കലിന്റെ 30 വാര അകലെ നിന്നുള്ള ഹാഫ് വോളിയായിരുന്നു ബ്ലാസറ്റേഴ്സിന്റെ അവസാന ശ്രമം. ഈ ലോങ് റേഞ്ചറും തൊട്ടുപിന്നാലെ കിട്ടിയ ഫ്രീ കിക്കും ഗോവന്‍ ഗോള്‍ മുഖത്തു നിന്നും അകന്നുപോയതോടെ മഞ്ഞപ്പടയുടെ സമനില മോഹം പൊലിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഇനി 27നു കൊച്ചിയില്‍ ഡ്ല്‍ഹി ഡൈനാമോസിനെയും എ്ഫ്.സി.ഗോവ ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റിയേയും നേരിടും.