ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയോട് പരാജയപെട്ടത് നിർഭാഗ്യം കൊണ്ട് മാത്രം ആണെന്നും ജംഷഡ്പൂർ എഫ്‌സിയുടെ ഇടക്കാല ഹെഡ് കോച്ച് സ്കോട്ട് കൂപ്പർ പറഞ്ഞു. ഇരുടീമുകളുടെയും പ്രതിരോധം തലയുയർത്തി നിന്ന മത്സരമായിരുന്നു ഇന്നലെ കണ്ടത്. എന്നിരുന്നാലും, കളിയിൽ ആധിപത്യം പുലർത്തിയത് ജംഷഡ്പൂർ തന്നെ ആയിരുന്നു എന്ന് പറയാം. അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചുകയറിയെങ്കിലും അത്രയൊന്നും സംതൃപ്തി തരുന്ന ഫലം ആയിരുന്നില്ല ഇന്നലെ ഉണ്ടായത്. മത്സരശേഷം പ്രതികരിച്ച ജംഷഡ്പൂർ പരിശീലകൻ കേരളത്തേക്കാൾ തങ്ങൾ ആയിരുന്നു മികച്ച് നിന്നതെന്നും ജയിക്കാൻ തങ്ങൾക്ക് തന്നെയുമാണ് അർഹതയെന്നും സ്കോട്ട് കൂപ്പർ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ഞങ്ങൾ തന്നെ ആയിരുന്നു മികച്ച ടീം. അതിൽ യാതൊരു സംശയവുമില്ല. ഒന്നാം പകുതിയിൽ കേരളം (ബ്ലാസ്റ്റേഴ്സ് എഫ്‌സി) 15 മിനിറ്റ് കേരളം ചിത്രത്തിൽ പോലും ഇല്ലായിരുന്നു . ആദ്യ പകുതിയിൽ അവർ ഒന്നും ചെയ്തില്ല. സ്വന്തം ആരാധകർക്ക് മുന്നിൽ അവർ അവരുടെ ഏറ്റവും മികച്ച പ്രകടനമല്ല പുറത്തെടുത്തത്. എന്റെ ടീം ആകട്ടെ അവരെ ശരിക്കും തളർത്തുന്ന പ്രകടനമാണ് നടത്തിയത്. അതിനാൽ, എന്റെ ടീമിന്റെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾക്ക് കിട്ടിയ മേധാവിത്വം നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റിയില്ല എന്ന് മാത്രം” അദ്ദേഹം പറഞ്ഞു.”
“എന്റെ ടീമിന്റെ പ്രകടനത്തിൽ എനിക്ക് അഭിമാനമാണ്. ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ അർഹത ഒന്നും ഇല്ലായിരുന്നു എന്നത് മത്സരം കണ്ടവർക്ക് അറിയാം. ഞങ്ങൾ പരാജയപ്പെടേണ്ട മത്സരം ആയിരുന്നില്ല എന്നും പറയാം. രണ്ട് മത്സരം ആയിട്ട് ഞങ്ങൾക്ക് ഗോളുകൾ ഒന്നും നേടാൻ പറ്റിയിട്ടില്ല. ആ കുറവ് കൂടി മാറ്റി ഞങ്ങൾ തിരിച്ചെത്തും .” പരിശീലകൻ പറഞ്ഞു.
അതേസമയം മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ഡോവൻ ആരാധക പിന്തുണയെ പ്രശംസിച്ചു. പന്ത് അവരുടെ കയ്യിൽ ആയിരുന്നപ്പോൾ വീണ്ടെടുക്കൽ വളരെ പ്രയാസകരമായിരുന്നു. അതിനാൽ ആദ്യ പകുതി ഞങ്ങൾക്ക് കഠിനമായിരുന്നു. ആദ്യ പകുതിക്ക് ശേഷം ഞങ്ങൾ നിയന്ത്രണം ഏറ്റെടുത്തു. ഞങ്ങൾക്ക് പന്തിൽ കൂടുതൽ നിയന്ത്രണം ലഭിച്ചു. അതിലൂടെ ഞങ്ങൾ ലൂണയിലൂടെ ഒരു അവിസ്മരണീയ ഗോൾ നേടി.