കിലിയൻ എംബപ്പേ തന്റെ വരവ് രാജകീയമായി അറിയിച്ച് വിജയ വേട്ട ആരംഭിച്ചു. ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ അറ്റലാന്റയെ തോല്പിച്ചത്. റയലിന് വേണ്ടി ഫെഡേ വാൽവെർദെ, കിലിയൻ എംബപ്പേ എന്നിവരാണ് ഗോളുകൾ നേടിയത്. കിരീടം നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ യുവേഫ സൂപ്പർ കപ്പ് നേടിയ ക്ലബ്ബായി മാറാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.
ഇന്നത്തെ മത്സരത്തിൽ ആരാധകർ ആകാംഷയോടെ കാത്തിരുന്നത് കിലിയൻ എംബാപ്പയുടെ മത്സരം കാണാൻ വേണ്ടിയായിരുന്നു. മുൻപ് ഒരുപാട് ക്ലബുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും തന്റെ ഇഷ്ട ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി താരം എങ്ങനെ ആയിരിക്കും മത്സരത്തെ സമീപിക്കുക എന്നായിരുന്നു ആരാധകർ നോക്കിയത്. എന്നാൽ ആരാധകർക്ക് ഗംഭീര വിരുന്നാണ് എംബപ്പേ നൽകിയത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കുകയും ഒരു ഗോൾ നേടുകയും ചെയ്യ്തു. മത്സരത്തിന്റെ 68ആം മിനിട്ടിലായിരുന്നു എംബപ്പേ ബെല്ലിങ്ങ്ഹാമിന്റെ പാസിൽ നിന്നും ഗോൾ കണ്ടെത്തിയത്.
പണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ജേഴ്‌സി നമ്പർ ഒൻപത് ഇട്ടുകൊണ്ടാണ് റയലിന് വേണ്ടി ആദ്യമായി ഗോൾ നേടിയത്. അതേ ചരിത്രം വീണ്ടും അവർത്തിച്ചിരിക്കുകയാണ് എംബപ്പേ. മികച്ച പ്രകടനം നടത്തിയ എംബാപ്പയെ അഭിനന്ദിച്ച് പരിശീലകൻ കാർലോ അഞ്ചലോട്ടി രംഗത്ത് എത്തിയിരുന്നു. ഒരു സീസണിൽ തന്നെ 50 ഇൽ പരം ഗോളുകൾ നേടാൻ കെല്പുള്ള താരമാണ് കിലിയൻ എംബപ്പേ. ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിന് കാഴ്ച വെക്കാനാകും എന്ന് അഞ്ചലോട്ടി പറഞ്ഞു.