ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെനിഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ തകർപ്പൻ വിജയ നേടിയിരുന്നു. ഇതോടെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ക്ളോപ്പും ടീമും അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യുമെന്ന് ഉറപ്പായി കഴിഞ്ഞു. വിജയത്തിന്റെ സന്തോഷത്തോടൊപ്പം ഒരു റെക്കോർഡ് നേട്ടത്തിന്റെ ഭാഗമാകാനും ടീമിന് സാധിച്ചു.
ബെനിഫിക്കക്കെതിരായ വിജയത്തോടെ ലിവർപൂൾ തുടർച്ചയായ എട്ടാമത്തെ എവേ മത്സരമാണ് വിജയിക്കുന്നത്. ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടീം തുടർച്ചയായി എട്ടു എവേ മത്സരങ്ങൾ വിജയിക്കുന്നത്. എതിരാളികളുടെ ഗ്രൗണ്ടിൽ ചെന്നിട്ട് അവരെ അടിച്ചുനിരത്തി നേടിയ ഈ ടീം റെക്കോർഡ് ടീമിന്റെ അസാമാന്യ മികവിനെ കാണിക്കുന്നു. ഈ മത്സരങ്ങളിൽ നിന്നെല്ലാമായി 16 ഗോളുകൾ നേടിയ ടീം ആകെ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്.
പരിശീലകനായി എത്തിയതിന് ശേഷം ലിവർപൂളിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാൻ ക്ളോപ്പിന് സാധിച്ചിട്ടുണ്ട്. 1984 ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിലും ലിവർപൂൾ തുടർച്ചയായി അഞ്ചു എവേ മത്സരങ്ങൾ വിജയിച്ചു എന്ന റെക്കോർഡും ടീമിന് കിട്ടി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയുമായി കിരീടപ്പോരാട്ടം നടത്തുന്ന ലിവർപൂൾ എന്തായാലും ചാമ്പ്യൻസ് ലീഗ് കിരീടം നേടും എന്ന വാശിയിൽ തന്നെയാണ്.