'ഓരോ മത്സരവും ഞങ്ങള്‍ക്ക് ഫൈനലായിരുന്നു, തോറ്റാല്‍ സ്ഥിതി ഗുരുതരമാകുമായിരുന്നു'; വെളിപ്പെടുത്തി മെസി

ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോടേറ്റ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് ശേഷമുള്ള ഓരോ മത്സരവും തങ്ങള്‍ക്ക് ഫൈനലായിരുന്നുവെന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി. പിന്നീട് വന്ന മത്സരങ്ങള്‍ തങ്ങള്‍ക്ക് ഏറെ പരീക്ഷണമായിരുന്നെന്നും എന്നാല്‍ എല്ലാം ഭംഗിയായി ഫൈനലില്‍ വരെ എത്തി നില്‍ക്കുന്നെന്നും മെസി പറഞ്ഞു.

സൗദി അറേബ്യയോടേറ്റ തോല്‍വിയ്ക്ക് ശേഷം ഓരോ മത്സരവും ഞങ്ങള്‍ക്ക് ആസിഡ് പരീക്ഷണമായിരുന്നു. പക്ഷേ ശക്തരാണെന്ന് ഞങ്ങള്‍ തെളിയിച്ചു. മറ്റ് മത്സരങ്ങള്‍ ജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഞങ്ങള്‍ ചെയ്തത്. ഓരോ മത്സരവും ഞങ്ങള്‍ക്ക് ഫൈനലായിരുന്നു. മത്സരം തോല്‍ക്കുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് അറിയാമായിരുന്നു.

ആറാമത്തെ ഫൈനലാണ് ഞങ്ങള്‍ കളിക്കുന്നത്. ഫൈനലിനിറങ്ങുമ്പോള്‍ ആദ്യ തോല്‍വി തങ്ങളെ കരുത്തരാക്കി. പന്ത് കൈവശം വെക്കുന്നതില്‍ ക്രൊയേഷ്യക്ക് മേധാവിത്വമുണ്ടാവുമെന്ന് അറിയാമായിരുന്നു. ഞങ്ങള്‍ക്ക് നല്ല ഒരു പരിശീലകനിരയാണുള്ളത്. ഓരോ മത്സരത്തിന് ശേഷവും കളികള്‍ അവര്‍ സൂക്ഷ്മമായി വിലയിരുത്തി. ഒരു ഘട്ടത്തിലും തങ്ങള്‍ക്ക് നിരാശയുണ്ടായിരുന്നില്ല- മെസി പറഞ്ഞു.

Read more

ആദ്യ സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്താണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു. രണ്ടാം സെമിയില്‍ ഫ്രാന്‍സ് ഇന്ന് മൊറോക്കോയെ നേരിടും.