അലക്‌സ് ഫെര്‍ഗൂസന്‍ ഉണ്ടാക്കി കൊടുത്ത മേല്‍വിലാസം മാഞ്ചസ്റ്റര്‍ തകര്‍ത്തു ; കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍

സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഉണ്ടാക്കിക്കൊടുത്ത മേല്‍വിലാസമെല്ലാം മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കേരളാ ബ്‌ളാസ്‌റ്റേഴസ് ടീമിന്റെ മുന്‍ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവരുടെ സ്വത്വം നഷ്ടമായെന്നും അത് വീണ്ടും തിരിച്ചുപിടിക്കാന്‍ ദീര്‍ഘ സമയം ചെലവഴിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും താരം പറഞ്ഞു.

കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ മൂന്‍ പരിശീലകനായ റെനി മ്യൂലസ്റ്റീനാണ് മാഞ്ചസ്റ്ററിനെതിരേ കടുത്ത വിമര്‍ശനം നടത്തിയത്. ബെക്കാമും റൊണാള്‍ഡോയും റൂണിയുമൊക്കെ ഉണ്ടായിരുന്ന കരുത്തരായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന് കീഴില്‍ 12 വര്‍ഷത്തോളം സഹപരിശീലകനായി മ്യൂലസ്റ്റീന്‍ ഉണ്ടായിരുന്നു.

ഫെര്‍ഗുസണ്‍ വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ ആകര്‍ഷണീയമായതും ക്രിയാത്മകതയുള്ളതുമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തനതു ശൈലി ക്ലബിന് നഷ്ടമായി. യര്‍ഗന്‍ ക്‌ളോപ്പിന്റെ ലിവര്‍പൂളിനും പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആ സ്ഥിരതയുണ്ട്. വിജയം നേടണമെങ്കില്‍ ലക്ഷ്യങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകണം. അതിനു പുറമെ ഉറച്ചതും സ്ഥിരമായതുമായ ഒരു സംഘടനവും ഉണ്ടാകണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇതൊന്നുമില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവരുടെ സ്വത്വം പൂര്‍ണമായി നഷ്ടമായി.

ഇതിനു പരിഹാരം കാണാന്‍ പുറത്തു നിന്നുമുള്ള പുതിയൊരു പരിശീലകനെ വെച്ച് എല്ലാ കാര്യങ്ങളും വ്യത്യസ്തമായ രീതിയില്‍ നടപ്പാക്കുക എന്നതാണ് അതിലൊന്നെന്നും അതല്ലെങ്കില്‍ ഫെര്‍ഗുസനെ ഉള്‍ക്കൊള്ളിച്ചും അദ്ദേഹത്തിന്റെ ബാക്ക്റൂം സ്റ്റാഫുകളുടെ സഹായം തേടിയും വര്‍ഷങ്ങള്‍ കൊണ്ട് ടീമിനെ മെച്ചപ്പെടുത്തി എടുക്കാമെന്നും റെനെ പറഞ്ഞു. ഫെര്‍ഗുസണ്‍ പരിശീലകനായിരിക്കുന്ന കാലത്താണ് അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ പിടിച്ചത്. ഒന്‍പതു വര്‍ഷം പിന്നിട്ടിട്ടും ആ കിരീടം പിന്നീട് നേടാന്‍ കഴിഞ്ഞിട്ടില്ല.