ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ പരിചരിക്കുന്നതില്‍ മെഡിക്കല്‍ സംഘം വീഴ്ച വരുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ സംഘം വേണ്ടവിധം മറഡോണയെ നിരീക്ഷിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറഡോണയെ ചികിത്സിച്ച ഡോക്ടര്‍ക്കും മെഡിക്കല്‍ സംഘത്തിനും എതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മറഡോണയുടെ മരണത്തിന് മുമ്പുള്ള രണ്ടാഴ്ച കാലയളവില്‍ അദ്ദേഹത്തിന് നല്‍കിയ ചികിത്സയിലുണ്ടായ പിഴവുകള്‍ കണ്ടെത്തുന്നതിനായിരുന്നു വിദഗ്ധര്‍ അടങ്ങിയ കമ്മീഷന്റെ അന്വേഷണം. ഈ കമ്മീഷന്റെ കണ്ടെത്തലുകള്‍ അര്‍ജന്റീനിയന്‍ ദിനപത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
കൂടുതല്‍ മികച്ച വൈദ്യസഹായം ലഭ്യമാക്കിയിരുന്നു എങ്കില്‍ മറഡോണയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാദ്ധ്യത കൂടുതലാവുമായിരുന്നു എന്നാണ് പറയുന്നത്.
Read more
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മറഡോണയുടെ അപ്രതീക്ഷിത വിയോഗം. തലച്ചോറിലെ രക്തം കട്ടപിടിക്കലിന് ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം വസതിയില്‍ വിശ്രമിക്കവെ താരത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.