എംബാപ്പയ്ക്ക് ഗോൾ അടിക്കാൻ പാടാണ്, അതെന്താ ആരും മനസിലാകാത്തത്"; പിന്തുണച്ച് മുൻ ഫ്രഞ്ച് ഇതിഹാസം

മുൻപത്തെ വർഷങ്ങളിലെ പ്രകടനം വെച്ച് നോക്കിയാൽ എംബപ്പേ ഇപ്പോൾ മികച്ച ഫോമിലല്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഒരു രാജ്യത്തെ മുഴുവൻ വിറപ്പിച്ചവൻ ഇന്ന് ഭേദപ്പെട്ട പ്രകടനങ്ങൾ മാത്രമാണ് കളിക്കളത്തിൽ കാഴ്ച വെക്കുന്നത്. റയൽ മാഡ്രിഡിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന താരമാണ് അദ്ദേഹം. ആകെ 8 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഓപ്പൺ പ്ലേയിൽ നിന്ന് 5 ഗോളുകൾ മാത്രമാണ് താരം നേടിയിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ താരം മോശം പ്രകടനമാണ് നടത്തിയത്.

എട്ട് തവണയാണ് അദ്ദേഹം ബാഴ്‌സയുടെ ഓഫ് സൈഡ് കുരുക്കിൽ അകപ്പെട്ടത്. എന്നാൽ എംബാപ്പയെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഫ്രഞ്ച് താരമായിരുന്ന ഇമ്മാനുവൽ പെറ്റിറ്റ്.

ഇമ്മാനുവൽ പെറ്റിറ്റ് പറയുന്നത് ഇങ്ങനെ:

“ലൈൻ റഫറിക്ക് ഷോൾഡർ ഇഞ്ചുറി വന്നില്ല എന്ന കാര്യത്തിൽ എനിക്ക് അത്ഭുതമുണ്ട്. അത്രയേറെ ഓഫ്സൈഡുകളാണ് മത്സരത്തിൽ ഉണ്ടായത്. എൽ ക്ലാസിക്കോയിൽ എംബപ്പേയുടെ സ്ഥാനത്ത് ഹാലന്റായാലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കാരണം പ്രശ്നം കിടക്കുന്നത് റയൽ മാഡ്രിഡിന്റെ മധ്യനിരയിലാണ്”

ഇമ്മാനുവൽ പെറ്റിറ്റ് തുടർന്നു:

“ലുക്ക മോഡ്രിച്ച് കളിക്കളത്തിലേക്ക് വരുന്ന സമയത്തൊക്കെ നമുക്ക് ആ മാറ്റം കാണാൻ സാധിക്കും. ചുവാമെനി ഇപ്പോൾ മോശം രീതിയിലാണ് കളിക്കുന്നത്. മോഡ്രിച്ച് ഓടുന്നത് പോലെ ഓടാൻ അദ്ദേഹത്തിന് കഴിയുന്നില്ല. റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിരയും മധ്യനിരയും തമ്മിൽ വലിയ ഒരു അന്തരം തന്നെ അവിടെയുണ്ട് ” ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞു.