മെസ്സി ഒപ്പുവെച്ചു; ബാഴ്‌സലോണയില്‍ ആഘോഷത്തിന്റെ പൊട്ടിത്തെറി

ഊഹാപോഹങ്ങള്‍ക്കു വിരാമം. സൂപ്പര്‍ താരം ലയണല്‍ മെസ്സി കാറ്റലന്‍ ക്ലബ്ബ് ബാഴ്‌സലോണയുമായുള്ള പുതുക്കിയ കരാറില്‍ ഒപ്പുവെച്ചു. 2021 വരെ ന്യൂകാംപില്‍ തുടരാനുള്ള കരാറിലാണ് മെസ്സി ഒപ്പുവെച്ചത്.
13ാം വയസില്‍ ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ കളരിയായ ലാ മാസിയയിലൂടെ കളിപഠിച്ചെത്തിയ മെസ്സി ബാഴ്‌സയ്ക്കായി ഇതുവരെ എട്ട് സ്പാനിഷ് ലീഗ് കിരീടങ്ങളും നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും നേടി.

അടുത്ത വര്‍ഷത്തോടെ ബാഴ്‌സയുമായുള്ള മെസ്സിയുടെ കരാര്‍ പൂര്‍ത്തിയാകാനിരിക്കെയാണ് ക്ലബ്ബ് താരവുമായുള്ള കരാര്‍ പുതുക്കിയത്. 502 മത്സരങ്ങളില്‍ നിന്ന് 523 ഗോളുകളാണ് ബാഴ്‌സയുടെ കുപ്പായത്തില്‍ മെസ്സി നേടിയത്. ക്ലബ്ബുമായുള്ള താരത്തിന്റെ ഒന്‍പതാമത്തെ കരാറാണിത്. മെസ്സി ബാഴ്‌സയുമായി പുതിയ കരാറൊപ്പുവെച്ചിട്ടില്ലെന്നും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിക്കായി വട്ടമിട്ട് പറക്കുന്നുണ്ടെന്നുമുള്ള റൂമറുകള്‍ക്കിടയില്‍ താരം പുതിയ കരാറിലെത്തിത്. അതേസമയം, മെസ്സിയുടെ പിതാവ് ക്ലബ്ബുമായി താരത്തിന്റെ കരാര്‍ സംബന്ധിച്ച് ഒപ്പുവെച്ചിട്ടുണ്ടെന്ന് ബാഴ്‌സലോണ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

700 മില്ല്യണ്‍ യൂറോയാണ് (5,400 കോടി രൂപയോളം) പുതുക്കിയ കരാറില്‍ റിലീസ് ക്ലോസായി ക്ലബ്ബ് ചേര്‍ത്തിരിക്കുന്നത്. കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് താരത്തെ സ്വന്തമാക്കാന്‍ ഇത്രെയും തുക നല്‍കേണ്ടി വരും. ബാഴ്‌സ കളിക്കാരെ കൊണ്ട് നമ്മള്‍ ഭാഗ്യവാന്‍മാരാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച താരത്തിന്റെ കളി ആസ്വദിക്കുന്നത് നമുക്ക് തുടരാനാകും. മെസ്സിയുമായി പുതുക്കിയ കരാറിലൊപ്പുവെച്ച ശേഷം ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബര്‍ട്ടാമ്യൂ വ്യക്തമാക്കി.