റൊണാള്‍ഡോയുടെ 'ഡയലോഗടിക്ക്' ബാഴ്‌സലോണയുടെ മറുപടി

അഞ്ചാം ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരം സ്വീകരിച്ച് റൊണാള്‍ഡോ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ബാഴ്‌സലോണ. മികച്ച താരം താനാണെന്നുള്ള രീതിയിലുള്ള പരാമര്‍ശമാണ് റൊണാള്‍ഡോ നടത്തിയത്. പുരസ്‌ക്കാരം നേടിയതാകട്ടെ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പിന്നിലാക്കിയും. മെസ്സിയുമായി കളത്തിലുള്ള മത്സരം നല്ലതാണെന്ന അഭിപ്രായവും പുരസ്‌ക്കാരം സ്വീകരിച്ച് റൊണാള്‍ഡോ പറഞ്ഞിരുന്നു.

അതേസമയം, മെസ്സിയാണ് ഫുട്‌ബോളിലെ മികച്ച താരമാണെന്നാണ് ബാഴ്‌സലോണയുടെ ഔദ്യോഗിക വക്താവ് ജോസഫ് വൈഫ്‌സ് പറഞ്ഞത്. റൊണാള്‍ഡോയുടെ പുരസ്‌ക്കാര നേട്ടത്തെ അഭിന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മികച്ച കളിക്കാരനായാണ് റൊണാള്‍ഡോയെ ബാഴ്‌സലോണ കാണുന്നത്. എന്നാല്‍, ഓരോ 15 ദിവസം കൂടുമ്പോഴും കാംപ് ന്യൂവില്‍ നമുക്ക് ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരത്തെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് കൂടി ഓര്‍ക്കണം. മെസ്സിയെ കുറിച്ച് വൈഫ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിരോധ താരം മഷെറാനോ ക്ലബ്ബ് വിടുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് മാത്രമാണ് ബാഴ്‌സയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ വക്താവ് വ്യക്തമാക്കിയത്. ജനുവരിക്ക് ശേഷം ടീം കൂടുതല്‍ ശക്തിപ്പെടുമെന്ന് പറഞ്ഞ വൈഫ്‌സ് വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറമാണ് ബാഴ്‌സലോണ എന്ന ക്ലബ്ബിന്റെ താല്‍പ്പര്യമെന്നും കൂട്ടിച്ചേര്‍ത്തു.