ലോകത്തിലെ ഏറ്റവും മികച്ച താരം ആരെന്നുള്ള ചോദ്യം കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷമായി ഫുട്‌ബോള്‍ ലോകത്ത് ഉയരുന്നുണ്ട്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലാണ് താരതമ്യം. ബാഴ്‌സലോണയ്ക്കും യുവന്റസിനും കളിക്കുന്ന ഈ താരങ്ങളുടെ പേര് പറഞ്ഞ് ആരാധകര്‍ തമ്മില്‍ വലിച്ചു കീറുന്നതും സാധാരണ സംഭവമാണ്. എന്നാല്‍, ഈ താരതമ്യങ്ങളൊക്കെ എന്തിനാണെന്ന് ചോദിക്കാതെ ചോദിക്കുകയാണ് മെസി. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയെ കുറിച്ച് മെസി അഭിപ്രായങ്ങള്‍ പറഞ്ഞത്.
നെയ്മര്‍, എംബാപ്പെ, സുവാരസ്, ഹസാര്‍ഡ് തുടങ്ങിവരെല്ലാം ലോകത്തെ മികച്ച താരങ്ങളാണ്. എന്നാല്‍, ഈ കൂട്ടത്തില്‍ നിന്നും റൊണാള്‍ഡോ തന്റെ ഒപ്പം നില്‍ക്കുന്ന കളിക്കാരനാണ്. മെസി പറഞ്ഞു. യുവന്റസിലേക്ക് ഈ സീസണില്‍ ചേക്കേറുന്നതിന് മുമ്പ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്നു. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയും കാറ്റലന്‍ ക്ലബ്ബില്‍ മെസിയും തമ്മിലും മൈതാന വൈര്യം ശക്തമായിരുന്നു.
റൊണാള്‍ഡോയുടെ ടീമിനെതിരെ കളിക്കുന്നത് കടുപ്പമേറിയതാണെങ്കിലും രസകരമായിരുന്നു. റൊണാള്‍ഡോ മാഡ്രിഡില്‍ കളിക്കുമ്പോള്‍ കപ്പുകള്‍ നേടുന്നത് എനിക്ക് ഹരമായിരുന്നു. അദ്ദേഹം ഇപ്പോഴും ലാലീഗയിലുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുമുണ്ട്. എനിക്ക് വലിയ ബഹുമാനമുള്ള ക്ലബ്ബുകളിലൊന്നാണ് യുവന്റസ്. മികച്ച കളിക്കാരുള്ള ശക്തരായ ടീമാണ് അവര്‍. റൊണാള്‍ഡോ കൂടി വന്നതോടെ അവരുടെ ശക്തി പതിന്മടങ്ങ് വര്‍ധിച്ചു. മെസി കൂട്ടിച്ചേര്‍ത്തു.