പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം ലയണൽ മെസ്സിയുടെ ജ്യേഷ്ഠൻ മാറ്റിയാസ്, മെസ്സിയുടെ മുൻ ക്ലബ് ബാഴ്‌സലോണയ്‌ക്കെതിരെ അടുത്തിടെ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളിൽ ക്ഷമാപണം നടത്തി.
ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിൽ, മാറ്റിയാസ് പറഞ്ഞു:
“സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞതിന് മാപ്പ് , ഞാൻ എന്റെ മകനോടും സുഹൃത്തുക്കളോടും തമാശ പറയുകയായിരുന്നു. എന്റെ കുടുംബത്തിനും ലിയോയ്ക്കും ഇത്രയധികം നൽകിയ ബാഴ്‌സലോണയെപ്പോലെ വലിയ ഒരു ക്ലബ്ബിനെക്കുറിച്ച് എനിക്ക് എങ്ങനെ ചിന്തിക്കാനാകും. കാറ്റലോണിയ ഞങ്ങളുടെ രണ്ടാമത്തെ വീടാണ്. ”
തന്റെ ഏറ്റവും പുതിയ വിവാദ പരാമർശങ്ങളിൽ, തന്റെ സഹോദരന്റെ ബലത്തിലാണ് ബാഴ്‌സലോണ ആഗോളതലത്തിൽ അറിയപ്പെട്ടത് എന്നും ലോകമെമ്പാടുമുള്ള ആരാധകർ ശരിക്കും അറിയുന്ന ക്ലബ് അത് റയൽ മാത്രം ആണെന്നും പറഞ്ഞു. ബാഴ്‌സലോണയിലേക്കുള്ള മെസിയുടെ തിരിച്ചുവരവും അദ്ദേഹം തള്ളിക്കളഞ്ഞു, അത് സംഭവിച്ചാൽ, ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയെ പുറത്താക്കുന്നത് ഉൾപ്പെടെ നിരവധി ‘ക്ലീനിംഗ്’ നടക്കുമെന്ന് അവകാശപ്പെട്ടു.
35 കാരനായ അർജന്റീന സൂപ്പർ താരം 20 വർഷം ക്ലബ്ബിൽ ചെലവഴിച്ചു, നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും പത്ത് ലാ ലിഗ കിരീടങ്ങളും ഉൾപ്പെടെ 35 ട്രോഫികൾ നേടാൻ അവരെ സഹായിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ലീഗ് വണ്ണിൽ കളിച്ച മെസ്സി 2021-ൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബാഴ്‌സലോണ ടീം വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചേക്കേറി. എന്നിരുന്നാലും, പുതിയ കരാറുമായി ബന്ധപ്പെട്ട് പാരീസ് ക്ലബ്ബുമായുള്ള ചർച്ചകൾ ഒരു വഴിത്തിരിവ് കണ്ടെത്താനാകാതെ വന്നതിനാൽ മെസ്സി തന്റെ ബാല്യകാല ക്ലബ്ബിലേക്ക് തിരികെ പോകുമെന്ന് സമീപകാല റിപ്പോർട്ടുകൾ പറയുന്നു.
തന്റെ മാപ്പപേക്ഷയിൽ, തന്റെ കുടുംബത്തിനും സഹോദരനും ബാഴ്‌സലോണയുടെ പ്രാധാന്യം മാറ്റിയാസ് ഊന്നിപ്പറഞ്ഞു. കാറ്റലോണിയ തങ്ങളുടെ രണ്ടാമത്തെ വീടാണെന്നും തനിക്കും മെസിക്കുംക്ലബ്ബ് വളരെയധികം നൽകിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. തന്റെ മുൻ അഭിപ്രായങ്ങൾ താനും മകനും സുഹൃത്തുക്കളും തമ്മിലുള്ള തമാശയ്ക്ക് വേണ്ടിയുള്ളതാണെന്നും താൻ ഒരിക്കലും ബാഴ്‌സയെ കളിയാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു.