അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ലയണല്‍ മെസ്സി

ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ തേടി അപൂര്‍വ്വ നേട്ടം. റയല്‍ ബെറ്റിസിനെതിരായ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് മെസ്സിയെ തേടി മറ്റൊരു റെകോര്‍ഡു കൂടിയെത്തിയത്.

തുടര്‍ച്ചയായി പത്തു സീസണുകളില്‍ ഇരുപത്തിയഞ്ചോ അതിലധികമോ ഗോളുകള്‍ നേടിയ ലാലിഗ താരമെന്ന റെക്കോര്‍ഡാണ് മെസി സ്വന്തമാക്കിയത്. സീസണിലിതുവരെ മെസി ഇരുപത്തിയഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്.

2007-2008 സീസണിലാണ് മെസി ആദ്യമായി ഈ നേട്ടം സ്വന്തമാക്കുന്നത്. ആ സീസണില്‍ 38 ഗോളുകളാണ് താരം നേടിയത്. അവിടെ നിന്നങ്ങോട്ട് എല്ലാ സീസണുകളിലും നാല്‍പതിലേറെ ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. 2011-2012 സീസണില്‍ 73 ഗോളുകളോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കിയിരുന്നു.

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മെസിയുടെ ഗോള്‍ നേട്ടം ഈ സീസണില്‍ ഇനിയും ഉയരുമെന്നുറപ്പാണ്. ലാലിഗ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ മാത്രമല്ല, ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരങ്ങളുടെ പട്ടികയിലും മെസിയാണു മുന്നില്‍ നില്‍ക്കുന്നത്.

റയലിന്റെ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയും പത്തു സീസണുകളില്‍ ഇരുപത്തിയഞ്ചു ഗോള്‍ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോയുടെ രണ്ടു സീസണിലെ ഗോള്‍ നേട്ടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമായിരുന്നു. ഈ സീസണില്‍ 18 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.