സമകാലിക ഫുട്‌ബോളിലെ അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസി റെക്കോഡുകളുടെ കളിത്തോഴനാണ്. ബൊളീവിയക്കെതിരായ ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ഹാട്രിക്കുമായി കസറിയ മെസിയുടെ പേരില്‍ പുതിയൊരു നേട്ടം എഴുതപ്പെട്ടു. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനെന്ന പെരുമയാണ് മെസിക്ക് വന്നുചേര്‍ന്നത്. ഇക്കാര്യത്തില്‍ മെസി പിന്തള്ളിയത് ബ്രസീലിയന്‍ ഇതിഹാസം പെലെയെ.
ലോക കപ്പ് ഫുട്‌ബോള്‍ തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 14, 64, 88 മിനിറ്റുകളിലാണ് മെസി ബൊളീവിയയുടെ വലകുലുക്കിയത്. ഹാട്രിക്ക് നേട്ടത്തോടെ മെസിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി ഉയര്‍ന്നു. ഇതോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകളുള്ള ലാറ്റിനമേരിക്കന്‍ താരമെന്ന പെലെയുടെ (77) റെക്കോഡ് പഴങ്കഥയായി.
മെസിയുടെ മികവില്‍ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ച അര്‍ജന്റീന ലോക കപ്പ് യോഗ്യതയ്ക്ക് ഒരു ചുവടുകൂടി അടുത്തിട്ടുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയ്ക്ക് 18 പോയിന്റായി. 24 പോയിന്റുള്ള ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.