'ഗ്രീസ്മാന്‍ വേണ്ട ഡിബാല മതി': മെസ്സിക്കെതിരേ ബാഴ്‌സ ആരാധകര്‍

ട്രാന്‍സ്ഫര്‍ വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ കുറിക്കുന്ന തിരക്കിലാണ് ബാഴ്‌സലോണ. കഴിഞ്ഞ സമ്മര്‍ മുതല്‍ 350 മില്ല്യണ്‍ യൂറോയാണ് ബാഴ്‌സലോണ ഇതുവരെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇറക്കിയത്. ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ മുതല്‍ ലിവര്‍പൂളില്‍ നിന്ന് ബ്രസീലിയന്‍ താരം കുട്ടീഞ്ഞോ വരെ ബാഴ്‌സയിലെത്തി. ഇതിന് പുറമെ മെസ്സിയുടെ കരാര്‍ പുതുക്കലും ബാഴ്‌സലോണയുടെ ഈ സീസണിലെ ചിലവ് പട്ടികയിലുണ്ടായിരുന്നു.

അതേസമയം, ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇനിയും പണമെറിയാനുള്ള തയാറെടുപ്പിലാണ് ബാഴ്‌സയെന്ന് പതിയ റിപ്പോര്‍ട്ടുകള്‍. മുന്നേറ്റനിരയിലേക്ക് മറ്റൊരു സൂപ്പര്‍ താരത്തെ കൂടി സ്വന്തമാക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നതെന്നാണ് സൂചന. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍ ആണ് ബാഴ്‌സയുടെ നോട്ടത്തിലുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരത്തിനായി രംഗത്തുണ്ട്.

അതേസമയം, ഗ്രീസ്മാനെ എത്തിക്കുന്നതിന് പകരം അര്‍ജന്റീന താരം ഡിബാലെയെ എത്തിക്കാന്‍ മാനേജ്‌മെന്റിന് സൂപ്പര്‍ താരം മെസ്സി നിര്‍ദേശം നല്‍കിയതായാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ സൂപ്പര്‍ താരമാണ് ഡിബാല. 140 മില്ല്യണ്‍ യൂറോ വരെ ട്രാന്‍സ്ഫറിന് നല്‍കാന്‍ ബാഴ്‌സ ഒരുങ്ങുന്നതായാണ് റി്‌പ്പോര്‍ട്ടുകള്‍. എന്നാല്‍, ട്രാന്‍സ്ഫര്‍ വിപണിയില്‍ മെസ്സി ഇടപെടുന്നതിനെതിരേ ബാഴ്‌സ ആരാധകര്‍ രംഗത്തുവന്നിട്ടുണ്ട്. ഗ്രീസ്മാന് പകരം മെസ്സിയുടെ അതേ പൊസിഷനില്‍ തന്നെ കളിക്കുന്ന ഡിബാലയെ മെസ്സി നിര്‍ദേശിച്ചതിന്റെ കാരണമെന്തന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Read more

രണ്ടുപേരും ഒരേ പൊസിഷനില്‍ കളിക്കുന്നതിനാല്‍ മെസ്സിക്കൊപ്പം കളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് നേരത്തെ ഡിബാല വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഈ താരത്തെ സ്വന്തമാക്കാനുള്ള ശ്രമം വിഡ്ഢിത്തമാണെന്നാണ് ആരാധകരുടെ പക്ഷം.