ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പച്ച പടിച്ചു വരുമ്പോള്‍ രണ്ടാം സ്ഥാനത്തായ ഐ ലീഗിന് വീണ്ടും തിരിച്ചടി.മിനര്‍വ പഞ്ചാബിന്റെ രണ്ട് താരങ്ങളെ ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് പേര്‍ സമീപിച്ചതായി ക്ലബ്ബ് ഉടമ രഞ്ജിത് ബജാജ് ട്വീറ്റ് ചെയ്തു. 30 ലക്ഷം രൂപയാണ് ഒത്തുകളിക്കാന്‍ താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതെന്നും ബജാജ് പറുന്നു.
താരങ്ങളെ ഒത്തുകളിക്കാന്‍ പണം വാഗ്ദാനം ചെയ്ത് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടുമായി ടീമിലെ രണ്ട് താരങ്ങള്‍ തന്നെ സമീപിച്ചുവെന്ന് പറഞ്ഞാണ് ബജാജ് ട്വീറ്റ് ചെയ്തത്്. അതേസമയം, മെസേജ് ആരയച്ചതാണെന്ന് വ്യക്തമല്ല. ടീമിലെ താരങ്ങളുടെ പേര് വെളിപ്പെടുത്താതിരുന്ന ബജാജ് ഒരാളെ ഫോണിലും ഒരാളെ ഫെയ്‌സ്ബുക്ക് വഴിയുമാണ് ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടത്.
ഇക്കാര്യം ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെയും എ.എഫ്.സിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. എല്ലാവരും ജാഗ്രതയിലായിരിക്കണമെന്നും ആരും ഒത്തുകളിയുടെ കെണിയില്‍ വീണുപോകരുതെന്നും രഞ്ജിത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഇത്തരം വ്യക്തികളുടെ ലക്ഷ്യം നടപ്പിലാകില്ലെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും രഞ്ജിത് പറയുന്നു.
നിലവില്‍ ഐ ലീഗ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മിനര്‍വ പഞ്ചാബിന്റെ താരങ്ങളെ ഒത്തുകളിക്ക് സമീപിച്ചത് ഗുരതര പ്രശ്‌നമാണെന്നാണ് വിലയിരുത്തലുകള്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് മിനര്‍വ പഞ്ചാബിനുള്ളത്.