ലിവർപൂളിൽ അവസാന മത്സരത്തിനൊരുങ്ങി മുഹമ്മദ് സലാഹ്

കളിക്കുന്ന കാലത്ത് തന്നെ ലിവർപൂളിന്റെ ഇതിഹാസമായി മാറിയ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന സൂചന നൽകുന്നു. ഈയിടെ നൽകിയ അഭിമുഖത്തിലാണ് താരം ലിവർപൂളിൽ പുതിയ കരാറുമായി ബന്ധപ്പെട്ട് പുരോഗമനമൊന്നുമില്ല എന്ന് സൂചിപ്പിച്ചത്. നിലവിൽ സലാഹ് തൻ്റെ കരാറിൻ്റെ അവസാന ആറ് മാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വേനൽക്കാലത്ത് കരാർ അവസാനിക്കുമ്പോൾ ഫ്രീ ട്രാൻസ്ഫറിൽ ഇംഗ്ലീഷ് ഇതര ക്ലബ്ബുകളുമായി അദ്ദേഹത്തിന് ചർച്ച നടത്താം.

ഇത് ആൻഫീൽഡിലെ തൻ്റെ അവസാന സീസണാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അദ്ദേഹം സ്കൈ സ്‌പോർട്‌സിനോട് പറഞ്ഞു: “ഇതുവരെയുള്ള അവസ്ഥ വെച്ച്, അതെ. ഇത് അവസാനത്തെ ആറ് മാസമാണ്.

“അവിടെ (ക്ലബ്ബിൽ) ഒരു പുരോഗതിയും ഇല്ല, ഞങ്ങൾ ഒരു പുരോഗതിയിൽ നിന്നും വളരെ അകലെയാണ്. “അതിനാൽ, നമുക്ക് കാത്തിരുന്ന് കാണേണ്ടതുണ്ട്.” ഈ സീസണിൽ പ്രീമിയർ ലീഗ് നേടാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം കൂട്ടിച്ചേർത്തു: “ഇത് ക്ലബ്ബിലെ എൻ്റെ അവസാന വർഷമാണ്, അതിനാൽ നഗരത്തിനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.”