മോനെ റൊണാൾഡോ, നീ കേമൻ തന്നെ, പക്ഷെ ജനിച്ചത് മെസിയുടെ കാലഘട്ടത്തിലായി പോയി: എയ്ഞ്ചൽ ഡി മരിയ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മെസിയെക്കാളും പെലെയെക്കാളും ഏറ്റവും മികച്ച ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് അദ്ദേഹം തന്നെ കുറച്ച് ദിവസം മുൻപ് പറഞ്ഞിരുന്നു. അതിനു മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് അർജന്റീനൻ ഇതിഹാസം എയ്ഞ്ചൽ ഡി മരിയ.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” റൊണാൾഡോ പറഞ്ഞതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. ഞാൻ റൊണാൾഡോയ്ക്കൊപ്പം നാല് വർഷം കളിച്ചിരുന്നു. എപ്പോഴും മികച്ച ഫുട്ബോൾ താരമാകാൻ റൊണാൾഡോ ശ്രമിച്ചിരുന്നു. താനാണ് മികച്ച ഫുട്ബോൾ താരമെന്ന് റൊണാൾഡോ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. പക്ഷേ റൊണാൾഡോ ജനിച്ച സമയം ഒരൽപ്പം തെറ്റിപ്പോയി. ആ കാലഘട്ടത്തിൽ തന്നെ ഫുട്ബോളിന്റെ മാന്ത്രിക ദണ്ഡുമായി മറ്റൊരാൾ ജനിച്ചു. അതാണ് ലയണൽ മെസി”

എയ്ഞ്ചൽ ഡി മരിയ തുടർന്നു:

” യാഥാർത്ഥ്യം കണക്കിലുണ്ട്. ഒരാൾക്ക് എട്ട് ബലോൻ ദ് ഓർ നേട്ടമുണ്ട്. മറ്റൊരാൾക്ക് അഞ്ച് ബലോൻ ദ് ഓർ ഉണ്ട്. അത് വലിയൊരു വ്യത്യാസമാണ്. ഒരു ലോകചാംപ്യൻ, രണ്ട് കോപ്പ കിരീടങ്ങൾ എന്നിവ നേടിയ ഒരാൾ, ഈ നേട്ടങ്ങൾ ഇല്ലാത്ത ഒരാളിൽ നിന്ന് വലിയ വ്യത്യാസമുണ്ട്. ഇതുപോലെ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച താരം ലയണൽ മെസിയാണ്. അതിൽ യാതൊരു സംശയവുമില്ല” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.