ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുംബൈ എഫ്‌സിയും

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയഗോള്‍ ഗോള്‍ റഫറി അനുവദിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുംബൈ പരിശീലകന്‍ അലക്സാന്‍ഡ്രേ ഗുയ്മറസ്. ആ ഗോള്‍ എങ്ങനെ അനുവദിച്ചുവെന്ന് മനസിലാകുന്നില്ലെന്നും ഗുയ്മറസ് പറയുന്നു.

യഥാര്‍ത്ഥത്തില്‍ ഫ്രീ കിക്ക് എടുക്കേണ്ട സ്ഥലത്തിന്റെ അഞ്ചു മീറ്ററോളം അപ്പുറത്തു നിന്നാണ് ബ്ലാസ്റ്റേഴ്‌സ് ഫ്രീ കിക്ക് എടുത്തതെന്നും മുംബൈ കോച്ച് ആരോപിക്കുന്നു. എന്നാല്‍ അപ്രതീക്ഷിത ഗോളില്‍ പതറിയെങ്കിലും പിന്നീട് മുംബൈ തിരിച്ചു വരാന്‍ നടത്തിയ ശ്രമങ്ങളെ ഗുയ്മറാസ് പ്രശംസിച്ചു.

രണ്ടാം പകുതിയില്‍ സി.കെ വിനീതിനെ ഇറക്കി ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ശൈലി തന്നെ മാറ്റി. എന്നാല്‍ അതിനെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മുംബൈയ്ക്കായി. തങ്ങളുടെ സ്വാഭാവികമായ കളിയാണ് മുംബൈ പുറത്തെടുത്തതെന്നും നിര്‍ഭാഗ്യവശാല്‍ സമനില നേടാനാകില്ലെന്നും ഗുയ്മറാസ് പറഞ്ഞു. ബംഗളൂരുവിനെതിരായ മത്സരത്തിലാണ് ഇനിയുള്ള ശ്രദ്ധയെന്നും ഗുയ്മറാസ് കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിമൂന്നാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം നേടിയ ഏക ഗോളിലാണ് മുംബൈയെ മറി കടന്ന് ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി രണ്ടാം ജയം നേടിയത്.

വിജയത്തോടെ 10 മത്സരങ്ങളില്‍ 14 പോയിന്റായ കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പരാജയപ്പെട്ട മുംബൈ സിറ്റി എഫ് സിക്കും 14 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ അവര്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.

Read more

ഡേവിഡ് ജെയിംസ് പരിശീലകനായി എത്തിയതിന് ശേഷമുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നാണ് നിലവില്‍ ഉള്ളതിലെ പകുതി പോയിന്റുകളും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 17ന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.