ക്രിസ്മസ് ആഗതമായതോടെ വര്‍ണനക്ഷത്രങ്ങളുടെയും പുല്‍ക്കൂടുകളുടെയും നിറവിലേക്കും തിരക്കുകളിലേക്കും ഊളിയിട്ടിരിക്കുകയാണ് ലോകം. പുല്‍ക്കൂടൊരുക്കുമ്പോള്‍ ഉണ്ണിയേശുവിന്റെയും മറ്റും പ്രതിമകള്‍ക്കൊപ്പം സ്ഥാനം പിടിക്കുന്ന ഒന്നാണ് മാലാഖയുടെ പ്രതിമയും. എന്നാല്‍ ഈ ക്രിസ്മസിന് തെക്കന്‍ ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സിലെ പുല്‍ക്കൂടുകളില്‍ നിന്ന് ഇത്തവണത്തേക്കെങ്കിലും ആ മാലാഖ പ്രതിമ പുറത്തിരിക്കും. പകരം “മറഡോണ മാലാഖ” തല്‍സ്ഥാനത്ത് സ്ഥാനം പിടിച്ചേക്കും.
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരമെന്നോളമാണ് നേപ്പിള്‍സുകാര്‍ “മറഡോണ മാലാഖ”യെ അവതരിപ്പിച്ചിരിക്കുന്നത്. നാപ്പോളിയുടെ ജേഴ്സി ധരിച്ച് മാലാഖമാരുടെ പോലുള്ള ചിറകുകളുള്ള ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ കുഞ്ഞ് പ്രതിമയാണ് ഇത്തവണ നേപ്പിള്‍സിലെ ക്രിസ്മസ് ഷോപ്പുകളിലെ പ്രധാന ആകര്‍ഷണം.
ജെന്നി ഡി വിര്‍ജിലിയോ എന്ന കലാകാരനാണ് മറഡോണയുടെ ഈ കുഞ്ഞ് പ്രതിമ നിര്‍മ്മിച്ചത്. നേപ്പിള്‍സില്‍ താമസിക്കുന്ന മറഡോണയുടെ സഹോദരന്‍ ഹ്യൂഗോയാണ് ഇത് അനാച്ഛാദനം ചെയ്തത്. 1984 മുതല്‍ 1991 വരെ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിക്കായി മറഡോണ കളിച്ചിട്ടുണ്ട്. ഈ ക്ലബ്ബിനായി 188 മത്സരങ്ങളില്‍ നിന്ന് 81 ഗോള്‍ മറഡോണ നേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം 2-5 നാണ് മറഡോണ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അറുപതുകാരനായ മറഡോണയുടെ അന്ത്യം. തങ്ങളുടെ സ്നേഹതാരത്തോടുള്ള ആദരസൂചകമായി നേപ്പിള്‍സിലെ പുല്‍ക്കൂടുകളില്‍ മറഡോണയുടെ മാലാഖ പ്രതിമയും ഇടംനേടിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.