ഇതിഹാസ താരം സാവി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പുതിയ കോച്ചാകും. ബാഴ്‌സയുടെ പരിശീലക ചുമതലയേല്‍ക്കാന്‍ സാവി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബാഴ്‌സ മാനേജ്‌മെന്റ് സ്ഥിരീകരിച്ചില്ല. എങ്കിലും ഖത്തര്‍ ക്ലബ്ബ് അല്‍സാദില്‍ നിന്ന് സാവിയെ വിട്ടുകിട്ടാന്‍ ബാഴ്‌സ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
യൂറോപ്യന്‍ ഫുട്‌ബോളിലെ കരുത്തരായ ബാഴ്‌സലോണയുടെ സമീപകാല പ്രകടനങ്ങളാണ് കോച്ച് റൊണാള്‍ഡ് കൂമാന്റെ പദവി നഷ്ടപ്പെടുത്തിയത്. ലാ ലിഗയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഇടംപിടിക്കാന്‍ ബാഴ്‌സയ്ക്കായിട്ടില്ല. റയൊ വയ്യെക്കാനൊയേടേറ്റ തോല്‍വിയോടെ കൂമാന്‍ പുറത്താക്കപ്പെട്ടു.
ബാഴ്‌സലോണ ബി ടീമിന്റെ കോച്ചായ സെര്‍ജി ബര്‍ജ്വാനെ സീനിയര്‍ ടീമിന്റെ താത്കാലിക ചുമതയേല്‍പ്പിച്ചിട്ടുണ്ട്. 1998-2015 കാലയളവില്‍ ബാഴ്‌സക്കായി 767 മത്സരങ്ങള്‍ കളിച്ച സാവി ക്ലബ്ബിന്റെ മിഡ്ഫീല്‍ഡിലെ നെടുംതൂണായിരുന്നു. അല്‍ സാദിനായി നാലു സീസണില്‍ ബൂട്ട് കെട്ടിയശേഷമാണ് കോച്ചിന്റെ റോള്‍ സ്വീകരിച്ചത്.