ഫ്രഞ്ച്ക്ലബ്ബ് പിഎസ്ജിയിലേക്ക് പുതിയ സീസണില്‍ ചേക്കേറിയെങ്കിലും സൂപ്പര്‍താരം ലിയോണേല്‍ മെസ്സി ബാഴ്‌സയിലേക്ക് മടങ്ങിവന്നു. കഴിഞ്ഞ ദിവസം ബാഴ്‌സിലോണയിലേക്ക് മടങ്ങിവന്ന മെസ്സി പഴയ സഹതാരവും പുതിയ പരിശീലകനുമായ സായി ഉള്‍പ്പെടെയുള്ള താരങ്ങളുമായി സംഗമിച്ചു.
നിലവില്‍ ബാഴ്സലോണ പരിശീലകനും തന്റെ മുന്‍ സഹതാരവുമായി സാവിയുടെ നാല്‍പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടിയാണ് താരം ബാഴ്സലോണ നഗരത്തലെത്തിയത്. അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയതിനെ തുടര്‍ന്ന് മെസിയെ വരുന്ന യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീം സ്‌ക്വാഡില്‍ നിന്നും സ്‌കലോണി ഒഴിവാക്കിയിരുന്നു.
ഒഴിവുദിവസം ലഭിച്ചതു കൊണ്ടാണ് താരം പഴയ സഹതാരത്തിന് വേണ്ടി സമയം കണ്ടെത്തിയത്. മെസിക്കു പുറമെ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, ജോര്‍ദി ആല്‍ബ എന്നിവരും എത്തിയിരുന്നു. ബാഴ്സലോണയിലേക്കുള്ള മെസിയുടെ തിരിച്ചുവരവും ക്ലബിന്റെ പരിശീലകനായ സാവിയുടെ ജന്മദിനത്തില്‍ പങ്കെടുത്തതുമെല്ലാം ആരാധകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കോവിഡ് ബാധിതനായ മെസി ഒരു മാസത്തിനു ശേഷം റീംസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ പിഎസ്ജിയുടെ സ്‌ക്വാഡില്‍ തിരിച്ചെത്തിയിരുന്നു.
ബാഴ്‌സിലോണയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ ജനറലായ സാവി ഈ സീസണ്‍ പകുതിയോടെയാണ് ടീമിന്റെ പരിശീലകനായി എത്തിയത്. ലാലിഗയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഗ്‌ളാമര്‍ ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കുകയാണ് സാവിയുടെ പ്രധാന ചുമതല. ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ നിന്നും നേരത്തെ പുറത്തായ ബാഴ്സക്ക് ഇനി ആകെ യൂറോപ്പ ലീഗ് കിരീടം മാത്രമേ പ്രതീക്ഷിക്കാനുള്ളൂ.