പെപ് ഗ്വാർഡിയോളയുടെ വിവാഹമോചനത്തിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയിലെ പുതിയ കരാറോ?

സ്പാനിഷ് ഇതിഹാസ മാനേജർ പെപ് ഗ്വാർഡിയോളയുടെ വിവാഹമോചനത്തിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിമായുള്ള പുതിയ കരാറാണ് എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. നവംബറിൽ പുതിയ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ച് മാഞ്ചസ്റ്ററിലെ തൻ്റെ താമസം നീട്ടാനുള്ള 53-കാരൻ്റെ തീരുമാനം ഞെട്ടിക്കുന്ന വിവാഹമോചനത്തിലേക്ക് നയിച്ചുവെന്ന് സ്പാനിഷ് പത്രപ്രവർത്തകർ അവകാശപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഫാഷൻ ഡിസൈനറായ ഭാര്യ ക്രിസ്റ്റീന സെറയിൽ നിന്ന് പെപ്പ് വേർപിരിഞ്ഞതായി തിങ്കളാഴ്ച രാത്രിയാണ് വെളിപ്പെടുത്തിയത്. സ്പാനിഷ് മാധ്യമങ്ങൾക്ക് പുറമെ ഇരുവരുടെയും സുഹൃത്തുക്കളും സമാനമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പെപ്പിൻ്റെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞു: ‘അവർ വേർപിരിഞ്ഞതായി ഞാൻ കരുതുന്നു. അഞ്ച് വർഷം മുമ്പ് അവൾ മാഞ്ചസ്റ്റർ വിട്ട് ബാഴ്‌സലോണയിലേക്ക് മടങ്ങി. അവൻ തികച്ചും വർക്ക്ഹോളിക് ആണ്, ഒരുമിച്ച് അവരുടെ ഫാമിലി ഫാഷൻ ബിസിനസിൽ ഏർപ്പെടാത്തത് അവരുടെ ബന്ധത്തെയും ബാധിച്ചിരിക്കാം.’ കുടുംബത്തിൻ്റെ വസ്ത്രവ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്രിസ്റ്റീന 2019 ൽ ബാഴ്‌സലോണയിലേക്ക് മടങ്ങിയിരുന്നു. ഗാർഡിയോളയുടെ തീവ്രമായ ജോലി ഷെഡ്യൂളിനൊപ്പം ദീർഘദൂര ബന്ധം നിലനിർത്തുന്നതിനുള്ള വെല്ലുവിളികളും തീരുമാനത്തിന് കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പരിശീലക ജീവിതത്തിൽ ആദ്യമായി തുടർച്ചയായി നാല് തോൽവികൾ ഏറ്റുവാങ്ങിയ തനിക്ക് ക്ലബ് വിടാൻ കഴിയില്ലെന്ന് ഗാർഡിയോള മുന്നേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയിലാണ് പെപ് സിറ്റിയിൽ തുടരാനുള്ള തീരുമാനം എടുക്കുന്നതും പുതിയ കരാർ ഒപ്പിടുന്നതും. മാഞ്ചസ്റ്റർ സിറ്റിയിലെ ജീവിതം അവസാനിപ്പിച്ച് അടുത്ത ഘട്ടത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ചെലവഴിക്കണം എന്ന് പെപ് കുടുംബം തീരുമാനിച്ചിരുന്നതായും എന്നാൽ സിറ്റിയിലെ പുതിയ കരാർ അതിന് വിപരീതമായി എന്നതും വിവാഹമോചന കാരണങ്ങളിൽ ഒന്നായി ദി സൺ ചൂണ്ടികാണിക്കുന്നു.