ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബ്രസീൽ തങ്ങളുടെ വിജയക്കുതിപ്പിന് തുടക്കമിട്ടു. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ആദ്യ കളിയിൽ തന്നെ രണ്ട് ഗോളും ഒരു അസസിസ്റ്റുമടക്കം മിന്നുന്ന പ്രകടനമാണ് സൂപ്പർ താരം നെയ്മർ പുറത്തെടുത്തത്.
ഇതോടെ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ഇതിഹാസ താരം പെലെയുടെ 52 വർഷം പഴക്കമുള്ള റെക്കോർഡാണ് നെയ്മർ തകർത്തത്. ഈ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ബ്രസീലിന് വേണ്ടി 79 ഗോളുകളാണ് നെയ്മർ പൂർത്തിയാക്കിയത്. പെലെക്ക് 77 ഗോളുകളും മൂന്നാം സ്ഥാനത്തുള്ള റൊണോൾഡോയ്ക്ക് 62 ഗോളുകളുമാണുള്ളത്.
View this post on Instagram
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തത്, രണ്ട് ഗോളുകൾ നേടി റോഡ്രിഗോയും, ഒരു ഗോളോട് കൂടി റാഫീന്യയും ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടു.
ബൊളീവിയക്ക് വേണ്ടി വിക്ടർ അബ്രെഗോ ആശ്വാസ ഗോൾ നേടി.ഈ വിജയത്തോട് കൂടി മൂന്ന് പോയന്റുകളുമായി ബ്രസീൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. യുറുഗ്വായ്, അർജന്റീന, കൊളംബിയ ടീമുകൾക്കും മൂന്ന് പോയന്റ് വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസം ബ്രസീലിന് ഗുണകരമായി.