പതിവ് തെറ്റിയില്ല, വന്നതേ മുന്നില്‍, നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത് ഒമ്പത് തവണ; കണങ്കാലിന് പരിക്ക്

കരുത്തരായ അര്‍ജന്റീനക്കും ജര്‍മ്മനിക്കും സംഭവിച്ചത് ബ്രസീലിനുണ്ടായില്ല. ആദ്യ മത്സരത്തില്‍ മുട്ടുവിറയക്കാതെ കാനറിപട ജയിച്ചു കയറി. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. റിച്ചാര്‍ലിസന്‍ ഇരട്ടഗോളുമായി തിളങ്ങി.

കടുത്ത പ്രതിരോധവുമായാണ് സെര്‍ബിയ കാനറികള്‍ക്കെതിരെ ഇറങ്ങിയത്. മത്സരത്തില്‍ ഒമ്പത് തവണയാണ് സൂപ്പര്‍ താരം നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ടിരിക്കുന്ന താരമായും നെയ്മര്‍ മാറി.

തുടര്‍ച്ചയായി ഫൗള്‍ ചെയ്യപ്പെട്ട താരം കണങ്കാലിന് പരിക്കേറ്റാണ് മൈതാനം വിട്ടത്. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ആശങ്ക വേണ്ടെന്നും അദ്ദേഹം കളിക്കളത്തില്‍ ഉണ്ടാകുമെന്നും പരിശീലകന്‍ ടിറ്റെ അറിയിച്ചു. പരുക്ക് ആശങ്കയുള്ളതല്ലെന്നും നെയ്മര്‍ തിരിച്ചുവരുമെന്നും സഹതാരം ലൂക്കാസ് പക്വറ്റെയും പ്രതികരിച്ചു.

വിനീഷ്യല്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത രണ്ട് അവസരങ്ങള്‍ റിച്ചാര്‍ലിസന്‍ കൃത്യമായി വിനിയോഗിച്ചപ്പോളാണ് സെര്‍ബിയന്‍ പ്രതിരോധം ബ്രസീലിന് മുന്നില്‍ തലകുനിച്ചത്. 62,73 മിനിറ്റുകളിലായിരുന്നു റിചാര്‍ലിസന്റെ ഗോളുകള്‍.

Read more

73ാം മിനിറ്റിലെ ബൈസിക്കിള്‍ കിക്ക് ഖത്തര്‍ ലോകകപ്പിലെ മനോഹര കാഴ്ചകളിലൊന്നിലേക്കാണ് ഫുട്ബോള്‍ ലോകത്തെ കൊണ്ടെത്തിച്ചത്. വിനീസ്യൂസിന്റെ പാസില്‍ ബോക്സിന് അകത്തുനിന്ന് പന്ത് തൊട്ടുയര്‍ത്തിയ റിചാര്‍ലിസന്‍ മനോഹരമായൊരു ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിക്കുകയായിരുന്നു.