ബാഴ്‌സ വിട്ട നെയ്മറിന് ഇരുട്ടടി? പിഴ നല്‍കേണ്ടത് ആയിരം കോടിയോളം

ബാഴ്‌സലോണയും നെയ്മറും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നു. ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കൂടുമാറിയത് മുതല്‍ ബാഴ്‌സലോണയും നെയ്മറും തമ്മില്‍ വേതനവും ബോണസുമടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നെയ്മറിന് ഇരട്ടടി നല്‍കുന്ന മറ്റൊരു വാര്‍ത്ത.

ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്ന് 2013ല്‍ ബാഴ്‌സയിലെത്തുമ്പോള്‍ ഒപ്പിട്ട കരാറിലെ ഒരു ക്ലോസാണ് നെയ്മറിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് സ്പാനിഷ് പത്രം എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത്, അഞ്ച് വര്‍ഷ കരാറാണ് ബാഴ്‌സയുമായി നെയ്മര്‍ ഒപ്പുവെച്ചിരുന്നത്. ഇക്കാലയളവില്‍ ഫിക്‌സഡ് വേതനം, പിന്നെ വ്യത്യസ്ത ബോണസുകള്‍ ഉള്‍പ്പടെ 100 മില്യണ്‍ യൂറോ തരാമെന്നാണ് ബാഴ്സ കരാറില്‍ പറഞ്ഞിരുന്നത്. അതേസമയം, കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ക്ലബ്ബ് വിട്ടാല്‍ നഷ്ടപരിഹാരമായി 100 മില്ല്യന്‍ യൂറോ നെയ്മര്‍ അടയ്‌ക്കേണ്ടി വരുമെന്നാണ് ക്ലോസിലുള്ളതെന്ന് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ജനുവരി വരെയാണ് നെയ്മറിന് ബാഴ്‌സയുമായി കരാറുണ്ടായിരുന്നത്. അതേസമയം, ഇങ്ങനെ ഒരു രഹസ്യ ക്ലോസ് വെച്ചത് ബാഴ്‌സയുടെ ചതിക്കുഴിയാണെന്നാണ് നെയ്മറിന്റെ ആരാധകര്‍ ആരോപിക്കുന്നത്.

ഇന്ത്യന്‍ രൂപയില്‍ ആയിരം കോടിക്കടുത്തുള്ള തുകയാകും ക്ലോസ് സത്യമാണെങ്കില്‍ നെയ്മര്‍ നല്‍കേണ്ടി വരിക. അതേസമയം, പിഎസ്ജിയില്‍ ഉഗ്രന്‍ ഫോമിലുള്ള നെയ്മറിന് ക്ലബ്ബുമായുള്ള കരാറനുസരിച്ച് വമ്പന്‍ പ്രതിഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാഴ്‌സയുടെ 100 മില്ല്യന്‍ യൂറോ നല്‍കാന്‍ അതുകൊണ്ട് തന്നെ താരത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, റൊണാള്‍ഡോയ്ക്ക് പകരക്കാരനെ തപ്പുന്ന റയല്‍ മാഡ്രിഡ് നെയ്മറില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ രഹസ്യ ക്ലോസ് പുറത്തുവിട്ടതിനും രാഷ്ട്രീയമുണ്ടെന്നാണ് മാര്‍ക്കയടക്കമുള്ള പത്രങ്ങള്‍ പറയുന്നത്. മിന്നുന്ന ഫോമിലാണെങ്കിലും സഹതാരങ്ങളുമായി പിഎസ്ജിയില്‍ നെയ്മറിന് പൊരുത്തപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് സൂചന. ഇതനുസരിച്ചാണ് സ്പാനിഷ് വമ്പന്‍മാരായ മാഡ്രിഡ് വലവീശാന്‍ ഒരുങ്ങുന്നത്.