ഒരിക്കൽ കൂടെ ആ അത്ഭുത കാലുകൾ ക്യാമ്പ് നൗവിന്റെ പുൽമൈതാനങ്ങളിൽ പതിയുമോ? തള്ളിക്കളയാനാവാത്ത ട്രാൻസ്ഫർ സാധ്യതകൾ

സൗദി ക്ലബ് അൽ ഹിലാലുമായുള്ള കരാർ റദ്ദാക്കിയതിന് ശേഷം തൻ്റെ ബാല്യകാല ക്ലബ്ബായ സാൻ്റോസിലേക്ക് മടങ്ങാൻ സൂപ്പർ താരം നെയ്മർ ജൂനിയർ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ സത്യമാണെങ്കിൽ ഒരിക്കൽ കൂടെ ആ ബ്രസീലിയൻ അത്ഭുത കാലുകൾ ക്യാമ്പ് നൗവിന്റെ മണ്ണിൽ പതിയും. സാന്റോസിലെ ഹ്രസ്വകാല പ്രവർത്തനത്തിന് ശേഷം നെയ്മറിന് തൻ്റെ മുൻ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ കഴിയുമെന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അൽ ഹിലാലുമായി ഈ വര്ഷം അവസാനം വരെ കരാർ ഉണ്ടായിരുന്ന നെയ്മർ അത് റദ്ധാക്കിയതിന് ശേഷം നിലവിൽ നെയ്മർ ജൂനിയർ തൻ്റെ ബാല്യകാല ടീമായ സാൻ്റോസുമായി ആറ് മാസത്തെ ഹ്രസ്വ കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. സാന്റോസിൽ ആറ് മാസത്തെ കരാറിന് ശേഷം, ബ്രസീലിയൻ താരം ഒരു സ്വതന്ത്ര ഏജൻ്റായി മാറും.

Fichajes.net- ൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, നെയ്മർ ജൂനിയറുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് 2025-ൽ യൂറോപ്പിലേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നാണ്. മുൻ പാരീസ് സെൻ്റ് ജെർമെയ്ൻ (PSG) സൂപ്പർ താരം 2026 ലോകകപ്പിൽ ബ്രസീലിനെ നയിക്കാൻ സ്വയം തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നതിനാൽ സാൻ്റോസിന് ശേഷം നെയ്മറുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ബാഴ്‌സലോണ എത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2013-ൽ സാൻ്റോസിൽ നിന്ന് ബാഴ്‌സലോണയിലേക്ക് മാറിയതോടെയാണ് നെയ്മർ ജൂനിയറിൻ്റെ യൂറോപ്യൻ ഫുട്‌ബോളിലേക്കുള്ള വരവ് ആരംഭിച്ചത്. കറ്റാലൻ ടീമിനായി 186 മത്സരങ്ങളിൽ നിന്നായി 105 ഗോളുകളും 76 അസിസ്റ്റുകളും നെയ്മർ സംഭാവന ചെയ്തു. ലയണൽ മെസിക്കും ലൂയിസ് സുവാരസിനും ഒപ്പം ഫുട്ബോളിലെ ഏറ്റവും മികച്ച ആക്രമണ ത്രയങ്ങളിൽ ഒന്നായി മാറിയ MNS സഖ്യത്തിലെ പ്രധാനിയായിരുന്നു നെയ്മർ.

2014-15 സീസണിൽ ട്രെബിൾ ഉൾപ്പെടെ ഒമ്പത് കിരീടങ്ങൾ ബാഴ്സയ്ക്കൊപ്പം നെയ്മർ നേടി. 2017ൽ, നെയ്മർ കറ്റാലൻ ക്ലബ് വിട്ട് പാരീസ് സെൻ്റ് ജെർമെയ്‌നിലേക്ക് (PSG) ഒപ്പുവെച്ചത് റെക്കോർഡ് 222 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസിനായിരുന്നു. അദ്ദേഹം പോയതിനുശേഷം, മുൻ ബ്ലൂഗ്രാന സൂപ്പർസ്റ്റാർ പലതവണ ക്യാമ്പ് നൗവിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡീലുകൾ ഒന്നും നടന്നിട്ടില്ല. എന്നാൽ ഇത്തവണ അത്തരമൊരു ഡീലിന് കളമൊരുങ്ങുമോ എന്നാണ് ആരധകർ കാത്തിരിക്കുന്നത്.