ഈ സീസണിൽ പുതിയ പരിശീലകനെ നിയമിക്കില്ല, ഒരു കളിക്കാരനെ കൂടി കൊണ്ടുവരാൻ ശ്രമം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ വിശേഷങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ബാക്കിയുള്ള കളികളിൽ ടീമിനെ ഇടക്കാല പരിശീലകർ തന്നെ കൈകാര്യം ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ആരാധക സംഘവുമായുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള യോഗത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെൻ്റ് തീരുമാനം മഞ്ഞപ്പട അംഗങ്ങളെ അറിയിച്ചത്. ക്ലബ് പറയുന്നതനുസരിച്ച്, ഈ സീസണിലെ ശേഷിക്കുന്ന എട്ട് ലീഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് സാധ്യതയുള്ള ഗെയിമുകൾക്കും ഇടക്കാല ഹെഡ് കോച്ച് ടിജി പുരുഷോത്തമനും അസിസ്റ്റൻ്റ് കോച്ച് ടോമാസ് ടോർസും തന്നെയാണ് ചുമതലയിൽ തുടരും.

ഡിസംബർ പകുതിയോടെ ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്റെയുമായി ക്ലബ് വേർപിരിഞ്ഞതിന് ശേഷമാണ് അസിസ്റ്റൻ്റുമാർ രംഗത്തെത്തിയത്. സ്വീഡിഷ് മാനേജർക്ക് കീഴിൽ 12 ഐഎസ്എൽ മത്സരങ്ങളിൽ ഏഴിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഈ സീസണിന് മുന്നോടിയായി ആരാധകരുടെ പ്രിയപ്പെട്ട ഇവാൻ വുകോമാനോവിച്ചിനെ മാറ്റിയാണ് സ്റ്റാഹ്രെയെ മാനേജർ സ്ഥാനത്ത് നിയമിച്ചത്.

പുരുഷോത്തമനും ടോർസും ചുമതല ഏറ്റെടുത്തതോടെ അവസാന നാലിൽ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. റിസർവ് ടീമിൻ്റെ മുഖ്യ പരിശീലകനും യൂത്ത് ഡെവലപ്‌മെൻ്റ് മേധാവിയുമായിരുന്നു ടോർസ്. അതേസമയം ശൈത്യകാല ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ കളിക്കാരെ കൊണ്ട് വരുന്നത് നടക്കില്ലെന്നും ക്ലബ്ബ് മഞ്ഞപ്പടയോട് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ലോണിൽ മൂന്ന് പേർ ഉൾപ്പെടെ ആറ് കളിക്കാരെ ബ്ലാസ്റ്റേഴ്സ് വിറ്റഴിച്ചിട്ടുണ്ട് എന്നാൽ ഒരു കളിക്കാരനെ മാത്രമാണ് പകരം സൈൻ ചെയ്യാൻ സാധിച്ചത്.

“എല്ലാം യോജിപ്പിച്ചാൽ, കുറഞ്ഞത് ഒരു കളിക്കാരനെ കൂടെ ക്ലബ്ബിൽ എത്തിക്കാനുള്ള സാധ്യതയുണ്ട്.” സിഇഒ അഭിക് ചാറ്റർജി മഞ്ഞപ്പട പ്രതിനിധികളോട് പറഞ്ഞു. “വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ തിരിച്ചറിഞ്ഞ എല്ലാ ടാർഗെറ്റുകളും നേടുന്നത് ബുദ്ധിമുട്ടാണ്. കാരണം ടീമുകൾ പ്ലേ ഓഫ് സ്ഥാനത്തിനായി പോരാടുമ്പോൾ അവരുടെ പ്രധാന കളിക്കാരെ ഒരിക്കലും വിട്ടയക്കില്ല. എല്ലാ കളിക്കാരും നിലവിലെ കോച്ചിംഗ് സ്റ്റാഫാണ് നിയന്ത്രിക്കുന്നത്” അദ്ദേഹം പറഞ്ഞു.

Read more