ഇന്ത്യൻ ഫുട്ബോൾ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഫിഫ നിയമങ്ങളുടെ ലംഘനം നടന്നതുമാണ് വിലക്കിന് പ്രധാനകാരണം. ഈ കാരണങ്ങളെ തുടർന്നാണ് ഫിഫ വിലക്കേർപ്പെടുത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
2022 ഒക്ടോബറിൽ നടക്കേണ്ട അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യയ്ക്ക് ആതിഥേയത്വം നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്. സംഘടനയുടെ ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ഫിഫ ചൂണ്ടിക്കാട്ടി. സംഘടനയുടെ പൂർണ നിയന്ത്രണം ഫുട്ബോൾ ഫെഡറേഷൻ വീണ്ടെടുക്കുന്നത് വരെ വിലക്ക് തുടരുമെന്ന് ഫിഫ അറിയിച്ചു. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുൽ പട്ടേൽ തലപ്പത്ത് തുടരുന്നതാണ് വിലക്കിന് കാരണമായത്. എന്നാൽ, തിരഞ്ഞെടുപ്പു നടത്താതെ പ്രഫുൽ പട്ടേൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ കോടതി ഇടപെട്ടിരുന്നു. ലോകകപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് വിലക്ക് വരുന്നത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരായ ഫിഫയുടെ വിലക്ക് ഐ.എസ്.എൽ ഐ.ലീഗ് മത്സരങ്ങളെ ബാധിക്കില്ലെങ്കിലും പുതിയ വിദേശ താരങ്ങളെ ടീമിലെടുക്കുന്നതിനെ ബാധിക്കും. നിലവിൽ 5 വിദേശ താരങ്ങളെ ടീമിലെടുത്ത കേരളം ബ്ലാസ്റ്റേഴ്സിന് ആറാമത്തെ താരത്തെ ടീമിലെടുക്കാൻ സാധിക്കില്ലെന്ന് സാരം. നോർത്ത് ഈസ്റ്റ് ടീം ഇതുവരെ ഒരൊറ്റ വിദേശ താരത്തെ പോലും ടീമിലെടുത്തിട്ടില്ല. അതിനാൽ ഇന്ത്യൻ താരങ്ങളെ കൊണ്ട് മാത്രം ടീം റെഡി ആകണം എന്ന അവസ്ഥ ടീമിന് ഉണ്ടാകും.
ഇനി ഒരു വിദേശ സ്‌ട്രൈക്കറാണ് ബ്ലാസ്റ്റേഴ്‌സ് നിരയിൽ എതാൻ ഉള്ളത്. അങ്ങനെ നടന്നില്ലെങ്കിൽ ഒരു ഇന്ത്യൻ സ്‌ട്രൈക്കറെ ടീം ലക്‌ഷ്യം വെക്കും. ട്രാൻസ്ഫർ ജാലകം അടക്കുന്ന 31 നകം തീരുമാനം ഉണ്ടായില്ലെങ്കിൽ പണി കിട്ടും എന്ന് ഉറപ്പ് .