പെലെ, ജെര്‍സീഞ്ഞോ, റിവലിനോ, ടൊസ്റ്റാവോ, ജെര്‍സണ്‍- അത് പോലൊരു നിര ഒരേ കാലഘട്ടത്തില്‍ പിറന്നു വീണപ്പോള്‍ സംഭവിച്ചത് ലോകത്തെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ ടീമായിരുന്നു.
ജെര്‍സീഞ്ഞോ ഫൈനലടക്കം എല്ലാ മാച്ചിലും ഗോള്‍ നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായ പെലെ നിറഞ്ഞാടിയപ്പോള്‍ നായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ മുത്തമിട്ടത് ബ്രസീലിന്റെ മൂന്നാം കിരീടത്തിലായിരുന്നു.
1970 ലെ ടീമിന്റെ ഒരേയൊരു ദൗര്‍ബല്യം ഗോള്‍കീപ്പര്‍ ഫെലിക്‌സ് മാത്രമായിരുന്നു. മുന്നിലുള്ള മറ്റ് പത്തു പേരും അവിശ്വസനീയമായ രീതിയില്‍ എവിടെ നിന്നും എത് സമയത്തും സ്‌കോര്‍ ചെയ്യാന്‍ തക്ക ശേഷിയുള്ളവരും. ഒരു ചലനാത്മകമായ കവിതയായിരുന്നു മൈതാനത്ത് അവര്‍ രചിച്ചിരുന്നത്.
വ്യക്തിഗത ശേഷിക്കൊപ്പം ഒരു സംഘമായ അവര്‍ എണ്ണയിട്ട യന്ത്രം പോലെ ചലിച്ചപ്പോള്‍ ലോകത്തൊട്ടാകെയുള്ള ഫുട്‌ബോള്‍ പ്രേമികള്‍ വിധിയെഴുതി .”The greatest World Cup team of all time’