ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബ്ബായ പാല്‍മാസ് താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് പ്രസിഡന്റിനും നാല് താരങ്ങള്‍ക്കും ദാരുണാന്ത്യം. ബ്രസീലിലെ വടക്കന്‍ നഗരമായ പല്‍മാസിന് സമീപമുള്ള ടൊക്കന്‍ഡിനന്‍സ് എയര്‍ഫീല്‍ഡിലാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് പറന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു.
ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തില്‍ പോയ താരങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇരട്ട എന്‍ജിനുള്ള വിമാനം പറന്നുതുടങ്ങിയ ഉടന്‍ തകര്‍ന്നു വീണ് കത്തിയമരുകയായിരുന്നു. പല്‍മാസ് താരങ്ങളായ ലുക്കാസ് പ്രക്സിഡസ്, ഗ്വില്‍ഹെര്‍മെ നോയെ, റനുലെ, മാര്‍ക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്റ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റും മരിച്ചതായാണ് വിവരം.
ടീമിലെ മറ്റ് താരങ്ങള്‍ നേരത്ത മറ്റൊരു വിമാനത്തില്‍ മത്സരസ്ഥലത്തേക്ക് യാത്ര തിരിച്ചിരുന്നു. അപകടത്തില്‍ മരിച്ച നാല് താരങ്ങളും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനാലാണ് ഈ നാല് താരങ്ങളെ പ്രത്യേക വിമാനത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഈ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ആരും രക്ഷപെട്ടിട്ടില്ലെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. വിലാ നോവയ്ക്കെതിരായ മത്സരം കളിക്കാനായി ഗോയാനിയയിലേക്ക് പോകവെയാണ് പാല്‍മാസ് താരങ്ങള്‍ അപകടത്തില്‍പ്പെട്ടത്.