ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് ജയിംസിനുളള നിരാശ ഇതാണ്

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ബ്ലാസറ്റേഴ്‌സിനെ സംബന്ധിച്ചുള്ള തന്റെ പ്രധാന ആശങ്ക പങ്കുവെച്ച് പരിശീലകന്‍ ഡേവിഡ് ജയിംസ്. ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ക്കിടെ ബ്ലാസറ്റേഴ്‌സ് നിരയിലെ താരങ്ങള്‍ക്കു സംഭവിക്കുന്ന പരിക്കാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും ടീമിന്റെ ഒഴുക്കുള്ള പ്രകടനത്തിനു തിരിച്ചടിയാകുന്നതെന്നും ജയിംസ് പറഞ്ഞു.

ബ്ലാസറ്റേഴ്‌സിന്റെ അവസാന മൂന്നു മത്സരത്തിലും ഒരു താരമെങ്കിലും മത്സരത്തിനിടെ പരിക്കേറ്റു പുറത്തു പോയിരുന്നു. പൂനെക്കെതിരെ റിനോ ആന്റോ, ഡെല്‍ഹിക്കതിരെ ബെര്‍ബറ്റോവ്, മുംബൈക്കെതിരെ റിനോ ആന്റോ, മിലന്‍ സിംഗ് എന്നിവരാണ് മത്സരം പൂര്‍ത്തിയാകാതെ പരിക്കേറ്റു പുറത്തു പോയത്. മിലന്‍ സിങ്ങൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും മത്സരത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടിട്ടുമുണ്ട്.

ജംഷഡ്പൂരിലെത്തുമ്പോള്‍ സ്ഥിതി കുറച്ചു കൂടി കഷ്ടമാണ്. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ പുല്‍മൈതാനത്തെ നിലവാരമില്ലായ്മ ബ്ലാസ്റ്റേഴ്സിനെ കുഴക്കുമെന്ന് ഉറപ്പാണ്. പിച്ചിലെ കുണ്ടും കുഴിയും കളിക്കാര്‍ക്ക് സൃഷ്ടിക്കുക അപ്രതീക്ഷിത വെല്ലുവിളിയാകും. കളിക്കാര്‍ക്ക് പരിക്കേല്‍ാനുള്ള സാധ്യതയും വളരെ കൂടുതലാണ് ഇവിടെ.

Read more

ആദ്യ കളികള്‍ മുതല്‍ കളിക്കാര്‍ക്ക് ഈ ഗ്രൗണ്ട് വലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഈ വെല്ലുവിളി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മറികടക്കുമോ എന്നത് ജയിംസിന് വലിയ തലവേദനയാണ്. സ്റ്റേഡിയത്തിന്റെ നിലവാരം ഇല്ലായിമ ജംഷഡ്പൂരിനെ തന്നെ ഹോം ഗ്രൗണ്ട് ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പകരം മറ്റൊരു കളിക്കളം ലഭിക്കാത്തത് അവരെ അവിടെ തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കി.