സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് ജയം. യുവതാരം ഗോണ്‍സാലോ റാമോസിന്റെ ഹാട്രിക് മികവില്‍ ഒന്നിനെതിരേ ആറുഗോളുകള്‍ക്കാണ് സ്വിസ് പടയെ പറങ്കിപ്പട കെട്ടുകെട്ടിച്ചത്. മുന്നേറ്റനിരയില്‍ അത്ഭുതപ്രകടനം പുറത്തെടുത്ത റാമോസ് ഹാട്രിക്കുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.
17, 51, 67 മിനിറ്റുകളിലായാണ് ഗോണ്‍സാലോ റാമോസ് ഹാട്രിക് തികച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റിയാണ് റാമോസിന് പോര്‍ച്ചുഗല്‍ അവസരം നല്‍കിയത്. ലോകകപ്പ് വേദിയില്‍ ആദ്യ ഇലവനില്‍ ആദ്യമായി ലഭിച്ച അവസരമാണ് റാമോസ് ഹാട്രിക്കുമായി ആഘോഷിച്ചത്.
പോര്‍ച്ചുഗലിന്റെ മറ്റു ഗോളുകള്‍ പെപ്പെ (33ാം മിനിറ്റ്), റാഫേല്‍ ഗുറെയ്‌റോ (55ാം മിനിറ്റ്), പകരക്കാരന്‍ റാഫേല്‍ ലിയോ (90+2) എന്നിവര്‍ നേടി. 58ാം മിനിറ്റില്‍ മാനുവല്‍ അകാന്‍ജിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. പോര്‍ച്ചുഗലിനായി പകരക്കാരനായി എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി.
Read more
ഡിസംബര്‍ 10ന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കരുത്തരായ സ്‌പെയിനെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നത്.