പെനാൽറ്റി ശാപം ഒന്നും ഞങ്ങളുടെ മുന്നിൽ ഏൽക്കില്ല മക്കളെ , കാരണം ഞങ്ങൾ പോരാളികളാണ് , ഒരു ഗോൾ എതിരാളി തിരിച്ചടിച്ചാലും ഞങ്ങൾ തിരിച്ചുവരും ‘ ഇതായിരിക്കും ഇന്നത്തെ മികച്ച വിജയത്തിന് ശേഷം പോർച്ചുഗൽ ആരാധകർ പറഞ്ഞത്. ആവേശകരമായ മത്സരത്തിൽ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചപ്പോൾ എന്തായാലും പ്രമുഖ ടീമുകളുടെ തോൽവി ശാപം പറങ്കിപടയെ ബാധിച്ചില്ല. എന്ത് തന്നെ ആയാലും ഘാന അവസാനം വരെ പോരാടിയാണ് കീഴടങ്ങിയതെന്ന് പറയാം.
ആദ്യ പകുതി
പോർച്ചുഗൽ മാത്രം നിയന്ത്രിച്ച ആദ്യ പകുതിയിൽ ബോൾ കാലിൽ കിട്ടാൻ പോലും ഘാന ബുദ്ധിമുട്ടി. അറ്റാക്കിങ്ങ് മൂഡിൽ ആയിരുന്ന പോർച്ചുഗൽ ഗോളടിച്ചില്ല എന്നതൊഴിച്ചാൽ കളി മുഴുവൻ നിയന്ത്രിച്ചു. റൊണാൾഡോ ഇതിനിടയിൽ ഘാന വല കുലുക്കിയെങ്കിലും പന്ത് ഓഫ് സൈഡ് ആയിരുന്നു.
രണ്ടാം പകുതി
ആദ്യ പകുതിയിലെ അലസതക്ക് ഘാന രണ്ടാം പകുതിയിൽ പ്രായശ്ചിത്തം ചെയ്തു. പോർച്ചുഗൽ പ്രതിരോധ നിരയെ പല തവണ ഘാന ടീം വെല്ലുവിളിച്ചു. എന്തിരുന്നാലും റൊണാൾഡോ തന്റെ അഞ്ചാം ലോകകപ്പിലും ഗോൾ നേട്ടം കുറിച്ചതോടെ പോർച്ചുഗൽ ആഗ്രഹിച്ച ലീഡ് കിട്ടി. റൊണാൾഡോയെ തന്നെ ഫൗൾ ചെയ്തതിനാണ് ഘാന പെനാൽറ്റി വഴങ്ങിയത്. 65 ആം മിനിറ്റിലാണ് ഗോൾ വീണത്. എന്നാൽ പോർച്ചുഗൽ ഗോൾ ആലസ്യത്തിൽ നിന്നപ്പോൾ തന്നെ 73 ആം മിനിറ്റിൽ ഘാന നായകൻ ആന്ദ്രേ ആയു ഗോൾ മടക്കി . എന്നാൽ പറങ്കികളുടെ പോരാട്ട വീര്യം എന്താന്നെന്ന് ആരാധകർ കണ്ട നിമിഷങ്ങളാണ് പിന്നീട് വന്നത്. മത്സരത്തിൽ മികച്ച രീതിയിൽ കളിച്ച ജാവോ ഫെലിക്സ് 78 ആം മിനിറ്റിലും റാഫേൽ ലിയോ 80 ആം മിനിറ്റിലും ഗോൾ അടിച്ചപ്പോൾ പോർച്ചുഗൾ കളി സേഫാക്കി. എന്നാൽ 89 ആം മിനിറ്റിൽ ഓഡ്മാൻ ബുക്കാരി വക പിറന്ന ഗോളിലൂടെ ഘാന ആവേശം അവസാന മിനിറ്റ് വരെ നീട്ടി. എന്തായാലും വലിയ സമ്മർദ്ദ നിമിഷങ്ങൾ പോർച്ചുഗൽ അതിജീവിച്ചപ്പോൾ ജയം ടീം സ്വന്തമാക്കി.