കൊല്‍ക്കത്തന്‍ വമ്പിനെ തൂക്കിയെറിഞ്ഞ് പൂനെ; ഐഎസ്എല്ലില്‍ എടികെയ്ക്ക് ദയനീയ തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരാരംഗന്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നില്‍ എടികെയ്ക്കു ദയനീയ തോല്‍വി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ്് പുനെ സിറ്റി എഫ്‌സി അമര്‍ തമര്‍ കൊല്‍ക്കത്തയെ തുരത്തിയത്. കൊല്‍ക്കത്തയുടെ ഐ.എസ് എല്ലിലെ ഏറ്റവും വലിയ തോല്‍വിയാണിത്. പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്നെങ്കിലും നിലവിലെ ചാംപ്യന്‍മാരായ എടികെയ്ക്ക് ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ അടിതെറ്റി. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ സെമി ഫൈനലില്‍ കടക്കുവാന്‍ കഴിയാത്ത ടീമാണ് പൂനെ.

കഴിഞ്ഞ സീസണില്‍ സുവര്‍ണ പാദുകം സ്വന്തമാക്കിയ ബ്രസീലിയന്‍ താരം മാഴ്‌സെലീഞ്ഞോ പൂനെയ്ക്കായി ഇരട്ട ഗോളുകള്‍ കണ്ടെത്തുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. റോഹിത് കുമാറും എമിലിയാനോ അല്‍ഫറെയും പൂനെയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ ബിപിന്‍ സിങ്ങാണ് എടികെയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. മാഴ്‌സലീഞ്ഞോയാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യ മത്സരത്തില്‍ സ്വന്തം മൈതാനത്ത് ഡല്‍ഹി ഡൈനാമോസിനോട് 3-2ന് തോല്‍വി വഴങ്ങിയാണ് പൂനെ കൊല്‍ക്കത്തയിലേക്ക് വിമാനം കയറിയത്. അതേസമയം, ഐഎസ്എല്‍ നാലാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് കൊല്‍ക്കത്തയ്ക്ക് സമനിലയായിരുന്നു.

ഇന്നും പരുക്കിന്റെ പിടിയില്‍ നിന്നും മോചിതനാവാന്‍ കഴിയാത്തതില്‍ സൂപ്പര്‍ സ്റ്റാര്‍ റോബി കീനിനെ ഇറക്കുവാന്‍ എ.ടി.കെയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനകം ആറ്് തവണ ഇരുടീമുകളും തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലാം തവണയും വിജയം പൂനെ സിറ്റി എഫ്.സിയുടെ കൂടെയായിരുന്നു. ഒരു തവണ മാത്രമാണ് നിലവിലുള്ള ചാമ്പ്യന്മാര്ക്ക് വിജയിക്കുവാന്‍ കഴിഞ്ഞിട്ടുള്ളു. രണ്ട് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.

ആദ്യ മത്സരത്തില്‍ നിന്ന് പൂനെ കോച്ച് റാങ്കോ പോപോവിച്ച് മൂന്നു മാറ്റങ്ങള്‍ വരുത്തിയാണ് ടീമിനെ ഇറക്കിയത്. 4-2-3-1 ഫോര്‍മേഷനില്‍ സാര്‍ത്തക്ക്, ജോനാഥന്‍ ലൂക്ക, ജുവല്‍ രാജ എന്നിവര്‍ക്കു പകരം ബല്‍ജിത് സാഹ്്നി, ഐസക്ക് എന്നിവരെ ഇറക്കി ,ഡിഫെന്‍ഡറായിട്ടായിരുന്നു ബല്‍ജിത് ഇറക്കിയത്. റൂപര്‍ട്ടിനു പകരം ബിപിന്‍ സിംഗിനെ ഇറക്കിയാണ് കൊല്‍ക്കത്ത രണ്ടാമങ്കത്തിന് ഗ്രൗണ്ടിലിറങ്ങിയത്.

തുടരെ വന്ന കൊല്‍ക്കത്തയുടെ ആക്രമണങ്ങള്‍ക്കു കിട്ടിയ പ്രഹരമായിരുന്നു പൂനെ സിറ്റിയുടെ ഗോള്‍. 12-ാം മിനിറ്റില്‍ പ്രത്യാക്രമത്തിലൂടെയാണ് ഗോള്‍ നീട്ടി നല്‍കിയ പന്ത് ടോം തോര്‍്പ്പിനു ക്ലിയര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പ് കവര്‍ന്നെടുത്ത എമിലിയാനോ അല്‍ഫാരോ ബോക്സിലേക്കു ഓടിയെത്തിയ മാഴ്സിലീഞ്ഞ്യോയ്ക്കു ക്രോസ് ചെയ്തു കൊടുത്തു. ഓപ്പണ്‍ സ്പേസില്‍ കിറുകൃത്യമായി പന്ത് എടുത്ത മാഴ്സീലീഞ്ഞ്യോ വലംകാലനടിയിലൂടെ കൊല്‍ക്കത്തയുടെ വല കുലുക്കി. ടോം തോര്‍പ്പിന്റെ പിഴവില്‍, മജീഷ്യന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പൂനെയുടെ ക്യാപ്റ്റന്‍ കൂടിയായ മാഴ്സിലീഞ്ഞ്യോയുടെ ഗോള്‍ തിങ്ങിനിറഞ്ഞ ഗാലറിയെ നിശബ്ദമാക്കി.

രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ മടക്കി. 49 ാം മിനിറ്റില്‍ മാഴ്സിലീഞ്ഞ്യോ കൊല്‍ക്കത്തയുടെ സെക്യൂഞ്ഞയെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്കാണ് ഗോളിനു വഴിയൊരുക്കിയത് . പെനല്‍ട്ടി ബോക്സിനു 30 വാര അകലെ കിട്ടിയ ഫ്രീ കിക്ക് എടുത്ത മണിപ്പൂര്‍ താരം ബിപിന്‍ സിംഗ് ഗോളാക്കി. ബിപിന്‍ സിംഗിന്റെ കിക്ക് പൂനെയുടെ കളിക്കാരുടെ തലയ്ക്കു മുകളിലൂടെ വളഞ്ഞു ക്രോസ്ബാറില്‍ ഇടിച്ചു വലയിലേക്കു ഊളിയിട്ടു. കൊല്‍ക്കത്തയുടെ ഈ സന്തോഷം അല്‍പ്പായുസ് മാത്രമായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ (51ാം മിനിറ്റില്‍) പൂനെ വീണ്ടും മുന്നില്‍. മാഴ്സിലീഞ്ഞ്യോ എടുത്ത കോര്‍ണറില്‍ ചാടി ഉയര്‍ന്ന രോഹിത് കുമാര്‍ ഹെഡ്ഡറിലൂടെ പന്ത് കൊല്‍ക്കത്തയുടെ നെറ്റിലേക്കു ചെത്തിയിട്ടു. ഗോള്‍ മടക്കിയ സന്തോഷത്തില്‍ കൊല്‍ക്കത്ത കോര്‍ണര്‍ കിക്ക് എടുക്കുമ്പോള്‍ എതിര്‍ കളിക്കാരെ കാര്യമായി മാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചില്ല. ഇത് പൂനെ മുതലെടുത്തു.

59-ാംമിനിറ്റില്‍ ഹിതേഷിനു പകരം കൊല്‍ക്കത്ത റോബിന്‍ സിംഗിനെ കൊണ്ടുവന്നു.ഇതിനു പിന്നാലെ 60-ാം മിനിറ്റില്‍ പൂനെ ലീഡുയര്‍ത്തി. ഡീഗോ കാര്‍ലോസ്, മാഴ്്സിലീഞ്ഞ്യോ, അല്‍ഫാരോ, മാര്‍ക്കോസ് ടെബാര്‍ ന്നിവരുടെ സംയുക്ത ശ്രമമാണ് ഗോളായി മാറിയത്. കൊല്‍ക്കത്തയുടെ കുത്തഴിഞ്ഞ പ്രതിരോധം പൂനെ മുതലെടുക്കുകയായിരുന്നു. കാര്‍ലോസിന്റെ പാസ് ബോക്സിനകത്തു നിന്ന ടെബാര്‍ ഹെഡ്ഡറിലുടെ മാഴ്സിലീഞ്ഞ്യോയിലേക്കും, തുടര്‍ന്ന് മാഴ്സിലീഞ്ഞ്യോയുടെ വെടിയുണ്ട ഷോട്ട് മുന്നില്‍ വന്ന കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ജോര്‍ഡി മൊണ്ടാലിന്റെ കാലില്‍ തട്ടി കൊല്‍ക്കത്തയുടെ ഗോളി ദേബജിതിന്റെ കണക്കുകൂട്ടലുകള്‍ തകര്‍ത്തു വലയിലേക്കു കയറി.

80-ാം മിനിറ്റില്‍ പൂനെ നാലാം വെടിപൊട്ടിച്ചു. കൗണ്ടര്‍ അറ്റാക്കിലാണ് ഗോള്‍. പന്തുമായി കുതിച്ച മാഴ്സലീഞ്ഞ്യോ ബോക്സിനകത്തേക്കു നല്‍കിയ പന്ത് അല്‍ഫാരോയ്ക്കു നല്‍കുമ്പോള്‍ തടയാന്‍ ആരും ഉണ്ടായില്ല. വെടിയുണ്ടപോലുള്ള അല്‍ഫാരോയുടെ ഷോട്ട് മജുംദാറിനെ തകര്‍ത്തു നെറ്റിലേക്ക്. പുനെ സിറ്റി നവംബര്‍ 29 നു സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ നേരിടും. എ.ടി.കെ ഡിസംബര്‍ ഒന്നിനു ജാംഷെഡ്പൂരിനെ അവരുടെ തട്ടകത്തിലും നേരിടും.