ആശിഖും കൂട്ടരും ജയം തൂട്ടരുമോ? എടികെയ്ക്ക് നെഞ്ചിടിപ്പ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ സ്ഥാനങ്ങളില്‍ എത്താനുള്ള പോരാട്ടങ്ങള്‍ക്കു ചൂടേറി. ലീഗ് മത്സരങ്ങളുടെ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ ചില ടീമുകള്‍ ആദ്യ പാദത്തിലേക്കാള്‍ ആക്രമാസക്തരായി മാറുകയാണ്. മറുവശത്ത് ചില ടീമുകളുടെ ശക്തി ക്ഷയിക്കുന്നു. ഈ സീസണിന്റെ തുടക്കത്തില്‍ തകര്‍പ്പന്‍ ഫോമില്‍ എത്തിയ ടീമുകളില്‍ ഒന്നാണ് പൂനെ സിറ്റി. കഴിഞ്ഞ മൂന്നു സീസണുകളിലും പ്ലേ ഓഫിലേക്കു കയറുവാന്‍ കഴിയാതെ പോയ ഒരു ടീമാണ് പൂനെ സിറ്റി. ആ കുറവ് പരിഹരിക്കാന്‍ ഉറച്ചു തന്നയൊണ് അവസാന അങ്കം മുറുകുമ്പോള്‍ പൂനെ തന്ത്രങ്ങള്‍ മെനയുന്നത്.

എല്ലാ ടീമുകളും ഒരുവട്ടം പരസ്പരം എറ്റുമുട്ടിക്കഴിഞ്ഞതോടെ ബെംഗ്ളുരു, ചെന്നൈയിന്‍ എഫ്.സി, എപ്.സി ഗോവ എന്നീ ടീമുകളോടൊപ്പം ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമാണ് എഫ്.സി. പൂനെ സിറ്റി രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിച്ചതോടെ ഇതിലും മുന്നില്‍ എത്തി നോക്കൗട്ട് റൗണ്ടില്‍ എത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് പൂനെ കരുക്കള്‍ നീക്കുന്നത്.

നിലവില്‍ 16 പോയിന്റോടെ പട്ടികയില്‍ പൂനെ മൂന്നാം സ്ഥാനത്താണ്. പൂനെയുടെ ഹോം ഗ്രൗണ്ടായ ശ്രീശിവ് ഛത്പതി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ എതിരിടാന്‍ എത്തിയിരിക്കുന്ന എ.ടി.കെ 12 പോയിന്റോടെ എ.ടി.കെ. എട്ടാം സ്ഥാനത്തും നില്‍ക്കുന്നു. പൂനെക്ക് ഇന്നും ജയിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയ്്ക്ക് ആകട്ടെ നിലനില്‍പ്പിനോടൊപ്പം ഇന്നത്തെ മത്സരം അഭിമാനത്തിന്റെ കൂടെ പ്രശ്നമാണ്

കാരണം, കൊല്‍ക്കത്തയില്‍ ഇരു ടീമുകളും ആദ്യം എറ്റുമുട്ടിയപ്പോള്‍ പൂനെ സിറ്റി 4-1നു എ.ടികെയ്ക്കു മേല്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. മാര്‍സിലീഞ്ഞ്യോ രണ്ട് ഗോളുകളും രോഹിത് കുമാര്‍, എമിലിയാനോ അല്‍ഫാരോ എന്നിവര്‍ ഓരോ ഗോളും നേടി. എ.ടി.കെ.യുടെ ഏക ആശ്വാസ ഗോള്‍ ബിപിന്‍ സിംഗിന്റെ വകയായിരുന്നു.

ഇനി അവശേഷിക്കുന്ന ഓരോ മത്സരവും വളരെ നിര്‍ണായകമായതിനാല്‍ ഇന്ന് ജയിക്കേണ്ടത് രണ്ടു കൂട്ടരുടേയും ആവശ്യമാണ്.
പുനെ സിറ്റി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയിച്ചട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിനോട് കൊച്ചിയില്‍ 1-1നു സമനില വഴങ്ങുകയും ചെന്നൈയിനോട് 0-1നു തോല്‍ക്കുകയുമായിരുന്നു.

“ആദ്യ പകുതിയിലെ പോലെ നന്നായി കളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നേരാണ്. , ഞങ്ങള്‍ക്ക് വളരെ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അവ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയി. ” പൂനെ സിറ്റി എഫ്്.സിയുടെ സഹപരിശീലകന്‍ വ്ളാഡിക്ക ഗ്രുജിച്ച് പറഞ്ഞു. ” രണ്ടാം പകുതിയില്‍ എതിരെ വരുന്ന ഗോളുകള്‍ തടയാനാണ് കടുത്ത അധ്വാനം വേണ്ടത് ” അദ്ദേഹം തുടര്‍ന്നു. പൂനെ സിറ്റി വാങ്ങിക്കൂട്ടിയ 11 ഗോളുകളില്‍ പത്തു ഗോളുകളും രണ്ടാം പകുതിയിലാണ് അവരുടെ പോസ്റ്റില്‍ എത്തിയത്.

കഴിഞ്ഞ ചെന്നൈയിനെതിരായ മത്സരത്തില്‍ ടീമിന്റെ സൂപ്പര്‍ താരം മാര്‍സീലീഞ്ഞ്യോയെ കൂടാതെ കളിക്കേണ്ടി വന്നു ഇതും തിരിച്ചടിയായി. എന്തായാലും ഒരു മത്സരത്തില്‍ സസ്പെന്‍ഷന്‍ കിട്ടിയ ശേഷം മാര്‍സിലീഞ്ഞ്യോ ഇന്ന് എ.ടി.കെ.യ്ക്ക് എതിരെ കളിക്കാനിറങ്ങും. കൂടടാതെ മലയാളി താരമായ ആശിഖ് കുരുണിയനടക്കമുള്ള മുന്നേറ്റ നിര എടികെയ്ക്ക് ഈ മത്സരത്തിലും വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പാദത്തില്‍ മാര്‍സിലീഞ്ഞ്യോ എ.ടി.കെയ്ക്ക് എതിരെ രണ്ട് ഗോളുകള്‍ നേടിയിരുന്നു. അതുകൊണ്ടു തന്നെ മാര്‍സിലീഞ്ഞ്യോ എ.ടി.കെയ്്ക്ക് തലവേദന സൃഷ്ടിക്കും.

സ്വന്തം തട്ടകത്തില്‍ പൂനെ സിറ്റി എഫ്.സിയില്‍ നിന്നേറ്റ തോല്‍വി നിലവിലുള്ള ചാമ്പ്യന്മാര്‍ക്ക് എറ്റ കടുത്ത പ്രഹരമായിരുന്നു. ഈ ആഘാതത്തില്‍ നിന്നും എ.ടി.കെ മെല്ലെ മെല്ലെ കരകയറി വരുകയാണ്. ഈ സീസണില്‍ ടെഡി ഷെറിങ്ഹാം പരിശീലിപ്പിക്കുന്ന എ.ടി.കെയ്ക്ക് ആദ്യ ജയം സ്വന്തമാക്കാന്‍ പിന്നീട് അഞ്ചാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. മെല്ലെ മത്സരത്തിലേക്കു തിരിച്ചുവന്ന എ.ടി.കെയ്ക്ക് ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമെ ലീഗില്‍ അവസാന നാല് സ്ഥാനങ്ങളില്‍ എത്താനാകുകയുള്ളു.
” അന്നത്തെ റിസല്‍്ട്ടില്‍ ചില ഭേദഗതികള്‍ വരുത്താനുണ്ട് . ആദ്യപാദത്തില്‍ ഞങ്ങള്‍ 1-4നു തോറ്റുവെങ്കില്‍ ഇക്കുറി അത് വെച്ചുമാറേണ്ടതുണ്ട് ” ടെഡി ഷെറിങ്ഹാം പറഞ്ഞു.

എ.ടി.കെയുടെ എറ്റവും മോശം സീസണ്‍ ആണ് ഇക്കുറി. ഇതിനകം എഴ് ഗോളുകള്‍ മാത്രമെ അടിക്കാന്‍ കഴിഞ്ഞിട്ടുള്ള. എന്നാല്‍ എതിരാളികള്‍ അവര്‍ക്ക് ഒന്‍പത് ഗോളുകള്‍ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരത്തോടെ അതെല്ലാം മാറുമെന്ന ഉത്തമവിശ്വാസത്തിലാണ് ടെഡി ഷെറിങ്ഹാം. ” ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ ഗോളുകള്‍ നേടുവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അത് സ്ട്രൈക്കര്‍മാരുടെ കളിയുടെ മാത്രം പ്രതിഫലനം കൊണ്ടായിരുന്നില്ല. ഗോള്‍ അടിക്കുന്നത് വളരെ കഠിനമാണ്. എന്നാല്‍ അതിനുവേണ്ടിയാണ് ഞങ്ങള്‍ പൂര്‍ണമായും കഠിനാധ്വാനം നടത്തുന്നത്. മുന്‍ നിരയില്‍ ഞങ്ങള്‍ക്ക് കാര്യമായ ശക്തിയുണ്ട്. അതുകൊണ്ടു തന്നെ ഈ മത്സരത്തിലൂടെ എല്ലാം മെച്ചപ്പെടും ” ടെഡി ഷെറിങ്ഹാം പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസറ്റിനെതിരെ ഏക ഗോള്‍ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് എ.ടി.കെ ഇന്ന് ഇറങ്ങുന്നത്. അതോടൊപ്പം ടീ്മിനെ ശക്തമാക്കിക്കൊണ്ട് മുന്നു പേര്‍ എ.ടി.കെയിലേക്ക് പുതിയതായി എത്തിയട്ടുണ്ട്. വിംഗില്‍ ഡേവിഡ് കോട്ടെറില്‍ , സ്ട്രൈക്കര്‍ ആയി മാര്‍ട്ടിന്‍ പാറ്റേഴ്സണ്‍, ഇവര്‍ക്കു പുറമെ സൊറാം പോയിറെ എന്ന പുതിയ ഗോള്‍കീപ്പറിനെയും എ.ടി.കെ ടീമില്‍ ഉള്‍പ്പെടുത്തി. അതൊടൊപ്പം പരുക്കില്‍ നിന്നും മോചിതനായ സ്ട്രൈക്കര്‍ റോബി കീനും കളിക്കാനിറങ്ങും. ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്ന് കരസ്ഥമാക്കാന്‍ ടെഡി ഷെറിങ്ഹാം ആവനാഴിയില്‍ നിന്ന് പുതിയ അമ്പുകള്‍ പുറത്തെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.